ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കറിനെ കൊല്ലാന്‍ ഉപയോഗിച്ച വിഷം ഏതെന്നു കണ്ടെത്താന്‍ ആന്തരികാവയവ സാമ്പിളുകള്‍ വിദേശ ലാബുകളില്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന മാരകവിഷങ്ങള്‍ പരിശോധിച്ചു തിരിച്ചറിയാന്‍ സംവിധാനമുള്ള ലാബുകള്‍ രാജ്യത്തില്ലാത്ത സാഹചര്യത്തിലാണിത്.
അമേരിക്കയിലെ എഫ്ബിഐയുടെ ലാബിലും ബ്രിട്ടീഷ് സ്കോട്ട്ലന്റ്യാര്ഡിന്റെ ലാബിലുമായിരിക്കും സുനന്ദയുടെ ആന്തരികാവയവ സാമ്പിളുകള്‍ പരിശോധിക്കുക. ചാരസംഘടനകള്‍ എതിരാളികളെ വകവരുത്താന്‍ പ്രയോഗിക്കാറുള്ള ‘അജ്ഞാത വിഷം’ സുനന്ദയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.
സുനന്ദയുടെ മൃതദേഹം കാണപ്പെട്ട സൗത്ത് ദല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ അതേദിവസം മൂന്നു വിദേശികള്‍ വ്യാജ വിലാസത്തില്‍ മുറികളെടുത്തിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ജനുവരി 13 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് മൂന്നു വിദേശികള്‍ ഹോട്ടലില്‍ തങ്ങിയത്. മൂവരുടേയും പക്കലുണ്ടായിരുന്നത് വ്യാജ പാസ്പോര്‍ട്ടുകളാണെന്ന് കണ്ടെത്തിയതിനാല്‍ ഫോറിന് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസുമായി ബന്ധപ്പെട്ട് ഇവരുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
താലിയം പൊളോണിയം 210, നീറിയം ഒലിയാണ്ടര്‍, പാമ്പിന് വിഷം, ഹെറോയിന്‍ എന്നിവയിലേതെങ്കിലുമാകാം സുനന്ദയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് എയിംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ പതിനഞ്ച് മുറിവുകളില്‍ പത്താമത്തെ മുറിവ് സിറിഞ്ചുകൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദേശത്ത് നിന്നെത്തിയ കൊലയാളി മാരകവിഷം കുത്തിവെച്ച് സുനന്ദയെ കൊലപ്പെടുത്തിയതാകാമെന്ന സംശയമുയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തിന്റെ പാക്-ദുബായ് ബന്ധങ്ങളിലേക്ക് അന്വേഷണം എത്തിച്ചേര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: