തിരുവനന്തപുരം: പ്രവാസി ദിനാചരണത്തിന് കന്യാകുമാരി മുതല്‍ കാസര്‍കോടുവരെയുള്ള അഞ്ഞൂറില്പരം ആളുകളെത്തി മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഉദ്ഘാടകനായ മന്ത്രി എത്തിയില്ല. രാവിലെ പത്തുമണിമുതല്‍ മന്ത്രിയെത്തുന്നതും കാത്ത് തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഒത്തുകൂടിയ പ്രവാസികള്‍ രണ്ടുമണിയായിട്ടും മന്ത്രിയെത്താതായതോടെ സംഘാടകര്‍ക്കുനേരെ തിരിഞ്ഞു. ഉദ്ഘാടനത്തിന് മന്ത്രിയെത്തിയതിനുശേഷമേ ഭക്ഷണവിതരണം നടത്തൂവെന്ന് ശഠിച്ച സംഘാടകര്‍ക്കുനേരെ പ്രവാസികള്‍ തട്ടിക്കയറി.
പ്രതിഷേധവുമായി പ്രവാസികള്‍ ഹാള്‍ വിട്ട് പുറത്തേക്കിറങ്ങി. പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ പേറി ജീവിക്കുന്ന പ്രവാസികളില്‍ പലരും ഉച്ചകഴിഞ്ഞിട്ടും കുടിവെള്ളം പോലും കിട്ടാതായതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുമെന്ന അവസ്ഥയിലായി. രാവിലെ പരിപാടിക്കെത്തിയ മുഴുവന്‍ പേരില്‍ നിന്നും 150 രൂപ രജിസ്ട്രേഷന് ഫീസും ഭക്ഷണത്തിനുംവേണ്ടി സംഘടനാ ഭാരവാഹികള്‍ വാങ്ങിയിരുന്നു. പലരും വണ്ടിക്കൂലിയും രജിസ്ട്രേഷന് ഫീസും മാത്രം കൈയില്‍ കരുതിയാണ് സമ്മേളനത്തിനെത്തിയത്. രണ്ടുമണിയായിട്ടും ഭക്ഷണം നല്‍കാതെ സംഘാടകര്‍ ഉദ്ഘാടകനായ ആഭ്യന്തര മന്ത്രി വരുന്നതും കാത്തിരുന്നതോടെ വിശന്നുവലഞ്ഞ സ്ത്രീകളും, വികലാംഗരും കുട്ടികളുമടക്കമുള്ളവര്‍ ബഹളം വയ്ക്കാനാരംഭിച്ചു. ഇതോടെ സംഘാടകര്‍ ഭക്ഷണപ്പൊതി വിതരണം ചെയ്തു.
രാവിലെ 11 മണിക്ക് ആഭ്യന്തരമന്ത്രി എത്തുമെന്ന് ആദ്യസന്ദേശം ലഭിച്ചതോടെ പ്രവാസി ദിനാചരണവും പുരസ്കാര ദാനവും നടത്തുന്ന സമ്മേളനം ആരംഭിച്ചു. ആദ്യമെത്തിയ എ.സമ്പത്ത് എംപിയെയും മുന്‍ സ്പീക്കര്‍ എം. വിജയകുമാറിനെയും വേദിയില്‍ കയറ്റിയിരുത്തി സമ്മേളനം തുടങ്ങി. നേതാക്കളുടെ പ്രസംഗം മണിക്കൂറുകള്‍ നീണ്ടിട്ടും മന്ത്രി എത്താത്തതിനെ തുടര്‍ന്ന് 12.30ന് സംഘാടകര്‍ വീണ്ടും മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടു.
കൃത്യം ഒരുമണിക്കെത്തുമെന്ന അറിയിപ്പ് കിട്ടിയതോടെ വൈകിയെത്തിയ ചാരുപാറ രവിയെയും, ശരത്ചന്ദ്രപ്രസാദിനെയും മൈക്കിനു മുന്നില്‍ നിറുത്തി സമയം കൊന്നു. ഒടുവില്‍ രണ്ടുമണിക്ക് സംഘാടകര്‍ മന്ത്രിയുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മന്ത്രി അപ്പോഴേക്കും പരിധിക്കുപുറത്തായി. പുരസ്കാരം വാങ്ങാനെത്തിയവരും പ്രവാസികളുടെ ദൈന്യത മന്ത്രിയെ അറിയിക്കാനെത്തിയവരും മൂന്നുമണിയോടെ നിരാശരായി മടങ്ങാനൊരുങ്ങവെ സംഘാടകര്‍ ഏറ്റവും പ്രായം കൂടിയ പ്രവാസിയെകൊണ്ട് രാവിലെ മുതല്‍ അണിയിച്ചൊരുക്കിവച്ചിരുന്ന നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: