പന്തീരാങ്കാവ്: ഒടുമ്പ്രയിലെ വാടക വീടിനകത്ത് പഴകിയ ഒരു പ്ലാസ്റ്റിക് കസേരയില്‍ ഒരുവശം തളര്‍ന്ന യുവാവും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ചികിത്സക്കും മരുന്നിനും ഭക്ഷണത്തിനും വഴി കാണാതെ വിതുമ്പുന്നു.
ഓട്ടോ ഡ്രൈവറായിരുന്ന ഒടുമ്പ്ര കിഴക്കേ മേനയില്‍ പൊറ്റയില്‍ വീട്ടില്‍ സുബിഷാണ്(34) തളര്‍ന്നുകിടക്കുന്നത്. ഇയാള്‍ക്കും ഭാര്യ മിനിക്കും ചെറിയ സ്വപ്നങ്ങളേയുള്ളു. തലചായ്ക്കാന്‍ സ്വന്തമായി ഒരു വീട്, മക്കള്‍ക്ക് ഭക്ഷണവും. ഇതായിരുന്നു ഇവരുടെ സ്വപ്നം. ഇതിനു മേല്‍ വിധി കരിമ്പടം പേലെ വന്ന് മൂടുകയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് രക്തസമ്മര്‍ദ്ദം കൂടി സുബീഷ് തളര്‍ന്ന് വീണതാണ് ഇവരുടെ ജീവിതം ദുരിതത്തിലാക്കിയത്.
സുബീഷിന്റെ ഒരുവശം തളര്‍ന്നു. തുടര്‍ന്ന് ചികിത്സയുടെയും മരുന്നിന്റെയും ദിനങ്ങളായിരുന്നു. മരുന്നുകളുടെ അമിത ഉപയോഗം മൂലം ഇരു വൃക്കകളുടെയും പ്രവര്‍ത്തനവും നിലച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡയാലിസിസ് വഴിയാണ് സുബീഷിന്റെ ജീവിതം പിടിച്ചു നിര്‍ത്തുന്നത്. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ മുടങ്ങാതെ ഡയാലിസിസ് ചെയ്യണം. അല്ലെങ്കില്‍ പത്ത് ലക്ഷം രൂപ മുടക്കി ശസ്ത്രക്രിയ ചെയ്യണം. ഒരു വശം തളര്ന്നതിനാല് ശസ്ത്രക്രിയ പൂര്‍ണ്ണ വിജയമാവുമെന്ന് ഉറപ്പുമില്ല.
മിനി വീട്ടുജോലിക്ക് പോയാണ് ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കുന്നത്. ആറും എട്ടും വയസ്സുള്ള മക്കള്‍ സ്വരൂപ് കൃഷ്ണ, കമല്ഹരി ഇവരുടെ പഠന ചെലവും വീട്ടുവാടകയും സുബീഷിനുള്ള മരുന്നിനുള്ള ചെലവും ഇവര്‍ കണ്ടെത്തണം. ഇനി ഉദാരമതികളുടെ സഹായം മാത്രമേ പ്രതീക്ഷയായിട്ടുള്ളു. അതിനായി കാത്തിരിക്കുകയാണ് ഈ കുടുംബം. സഹായത്തിനായി എസ്ബിടി മാങ്കാവ് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ 67306576479.
പ്രതികരിക്കാൻ ഇവിടെ എഴുതുക: