ന്യൂദല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് സിബിഐ ഏറ്റെടുക്കണമെന്ന വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി വിശദമായ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതി മാര്‍ച്ച് 17ലേക്ക് മാറ്റി. മുതിര്‍ന്ന അഭിഭാഷകരുടെ നീണ്ട നിരയെ രംഗത്തിറക്കി സംസ്ഥാന സര്‍ക്കാര്‍ വിഎസിന്റെ ആവശ്യത്തെ എതിര്‍ത്തെങ്കിലും കേസില്‍ വാദം കേള്‍ക്കാന്‍ ജസ്റ്റിസ് വിക്രംജിത് സെന്‍ അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. കോടതിയില്‍ ഹര്‍ജി തള്ളിക്കാനുള്ള സര്‍ക്കാര്‍നീക്കം പരാജയപ്പെട്ടത് വിഎസിന് താല്‍ക്കാലിക വിജയമായി.
സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി, മുതിര്‍ന്ന അഭിഭാഷകന് കെ കെ വേണുഗോപാല്‍, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരായ കെ. എ ജലീല്‍, ടി. ആസിഫലി, സ്റ്റാന്റിംഗ് കൗണ്‍സില്‍ എം.ആര്. രമേശ് ബാബു എന്നിവരാണ് കേസ് തള്ളണമെന്ന ആവശ്യവുമായി ഇന്നലെ സുപ്രീംകോടതിക്കു മുമ്പില്‍ നിരന്നത്. സുപ്രീംകോടതി മൂന്നു തവണയും ഹൈക്കോടതി ഉള്‍പ്പെടെയുള്ള കീഴ്ക്കോടതികള്‍ പലവട്ടവും തള്ളിയിട്ടുള്ളതാണ് വിഎസിന്റെ ഹര്‍ജിയെന്ന് കെ.കെ. വേണുഗോപാല്‍ വാദിച്ചു.
ഐസ്ക്രീം പാര്‍ലര്‍ കേസ് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിച്ചതെന്ന് വിഎസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ശേഖര്‍ നാഫഡെയും ആര്. സതീശും കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ റിപ്പോര്‍ട് നല്‍കുന്നതിന് മുമ്പ് വ്യവസ്ഥകള്‍ ലംഘിച്ച് 19-12-2011ന് ഡി.ജി.പി ജേക്കബ് പുന്നൂസും അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി ജേസണ്‍ എബ്രഹാം, എസ്.പിമാരായ അനൂപ് കുരുവിള ജോണ്‍, തൃശൂര്‍ എസ്.പി പി. വിജയന് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും വിഎസിന്റെ അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം ഇടപെടലുകള്‍ ഗൂഢാലോചന നടന്നതിന്റെ തെളിവാണെന്നും അവര്‍ വാദിച്ചു. വിഎസിന്റെ അഭിഭാഷകരുടെ വാദത്തെ തുടര്‍ന്നാണ് വിശദമായ വാദം കേള്‍ക്കണമെന്ന് പറഞ്ഞ് കോടതി കേസ് മാര്‍ച്ചിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: