രാമനാട്ടുകര(കോഴിക്കോട്): ഭാരതീയ വിദ്യാനികേതന്‍ 11-ാം സംസ്ഥാന സ്കൂള്‍ കലോത്സവം രാമനാട്ടം-2015ന് നാളെ തിരിതെളിയും. ജനുവരി ഒന്‍പത്, പത്ത്, പതിനൊന്ന് തീയതികളില്‍ രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ നടക്കുന്ന കലോത്സവത്തില്‍ സംസ്ഥാനത്തെ വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള നാലായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കും. പത്ത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.
നാളെ വൈകുന്നേരം നാലിന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ആര്. രവീന്ദ്രന്‍പിള്ള പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. 4.30ന് നടക്കുന്ന ഉദ്ഘാടനസഭയില്‍ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ദീപപ്രോജ്ജ്വലനം നടത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കലോത്സവസമ്മേളനം ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ആര്. രവീന്ദ്രന്‍പിള്ള ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. സംവിധായകന് മേജര്‍ രവി, എം.കെ. രാഘവന് എംപി, എം.പി. വീരേന്ദ്രകുമാര്‍, ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ്, സി.കെ. വേലായുധന് മാസ്റ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ശോഭായാത്രാ ഉച്ചയ്ക്കുശേഷം മൂന്നിന് എട്ടേനാലില്‍ നിന്നാരംഭിക്കും. താലപ്പൊലി, ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങള്‍, വിവിധ കലാരൂപങ്ങള്‍, മുത്തുക്കുടകള്‍ എന്നിവ ശോഭായാത്രയെ വര്‍ണ്ണാഭമാക്കും.
11ന് വൈകീട്ട് നാലിന് നടക്കുന്ന സമാപനസഭയില്‍ മന്ത്രി ആര്യാടന് മുഹമ്മദ്, വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ അദ്ധ്യക്ഷന്‍ ഡോ.പി.കെ. മാധവന്, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ്, സംസ്ഥാന കലോത്സവ പ്രമുഖ് പി.കെ. സാബു , ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് എം. മാധവന് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: