തലശ്ശേരി (കണ്ണൂര്‍): കണ്ണൂര്‍ ജില്ലയിലെ നെടുംപൊയിലില്‍ ക്രഷര്‍ ഓഫീസ് അക്രമിച്ച സംഭവത്തിന്റെയും പാലക്കാട് ജില്ലയിലെ ആനവായ് ഊരില്‍ വനംവകുപ്പിന്റെ ക്യാമ്പ് ഷെഡ് തകര്‍ത്ത സംഭവത്തിന്റെയും ഉത്തരവാദിത്തമേറ്റെടുത്ത് മാവോയിസ്റ്റ് പത്രക്കുറിപ്പ്. ആദിവാസികളെ പീഡിപ്പിക്കുന്ന വനം മാഫിയകളുടെ പിണിയാളുകളായ വനംവകുപ്പ് കാട്ടില്‍ നിന്നും പുറത്തു പോവുക, പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ഖനന മാഫിയകളെ ഇല്ലായ്മ ചെയ്യുക, ഖനനമാഫിയകളുടെ പിണിയാളുകളായ ഉദ്യോഗസ്ഥ വൃന്ദത്തേയും രാഷ്ട്രീയക്കാരേയും വിചാരണ ചെയ്യുക, പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ജനകീയ കമ്മിറ്റികളിലൂടെ തുടങ്ങിയ തലക്കെട്ടുകളോടെ പശ്ചിമഘട്ട പ്രത്യേക സോണല്‍കമ്മിറ്റി, സിപിഐ (മവോയിസ്റ്റ്) വക്താവ് ജോഗിയുടെ പേരിലാണ് പത്രക്കുറിപ്പ്.
ഇന്നലെ രാവിലെ 10 മണിയോടെ തലശ്ശേരി പ്രസ്ഫോറം ഓഫീസിലെ ന്യൂസ് ബോക്സുകളില്‍ നിന്നാണ് പത്രക്കുറിപ്പുകള്‍ ലഭിച്ചത്. പാലക്കാട് ജില്ലയിലെ ആനവായ് ഊരില്‍ വനം വകുപ്പിന്റെ ക്യാമ്പ് ഷെഡ്, ആദിവാസികള്‍ക്ക് ഭീഷണിയായി നിലനില്‍ക്കുന്ന നെടുംപൊയിലില്‍ ക്രഷര്‍ ഓഫീസ് എന്നിവ പശ്ചിമ ഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിയുടെ കീഴിലുളള ജനകീയ വിമോചന ഗറില്ലാസേനയിലെ പോരാളികള്‍ തകര്‍ത്തതായി രണ്ട് വ്യത്യസ്ത കുറിപ്പുകളാണ് പുറത്തിറക്കിയത്. അക്രമത്തിന് പ്രേരണാഘടകങ്ങളും ഭരണകൂടത്തിനെതിരായ താക്കീതും ഭീഷണിയും കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വനസംരക്ഷണത്തിന്റെ പേര് പറഞ്ഞ് നൂറ്റാണ്ടുകളായി വനത്തില്‍ ജീവിച്ച് വനത്തെ സംരക്ഷിച്ചുവരുന്ന ആദിവാസികളെ അവിടെനിന്നും കുടിയിറക്കുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്ന വനം വകുപ്പ് കളളത്തടിവെട്ടുകാര്ക്കും വനം മാഫിയയ്ക്കും ഒത്താശ ചെയ്യുകയാണ്. ആദിവാസികളെ തെരുവോരങ്ങളിലേക്ക് തളളിവിടാമെന്ന ഭരണ കൂടത്തിന്റെ വ്യാമോഹം ഇനി നടക്കില്ലെന്നും കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ജനകീയ അധികാരം കെട്ടിപ്പടുക്കാനുളള പോരാട്ടത്തില്‍ എല്ലാ മര്‍ദ്ദിത ജനവിഭാഗങ്ങളും അണിചേരണമെന്നും കാടിനും ജലത്തിനും ഭൂമിക്കും മേല്‍ ജനകീയാധികാരം സ്ഥാപിക്കാനായി പോരാടുക,സിപിഐ (മാവോയിസ്റ്റ്) പത്താം വാര്‍ഷികാചരണം ജനകീയ പ്രക്ഷോഭങ്ങളുടെ ഉത്സവമാക്കുക തുടങ്ങിയ ആഹ്വാനങ്ങളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ആദിവാസികളുടെ പ്രതിനിധിയായ മന്ത്രി പി.കെ.ജയലക്ഷ്മി എന്നിവരെയും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. ജില്ലാ കളക്ടര്‍, ജിയോളജി വനം വകുപ്പുദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ജനകീയ കോടതികളുടെ വിചാരണ നേരിടേണ്ടവരുമെന്നും കുറിപ്പില്‍ ഭീഷണിയുണ്ട്. ഈ പത്രക്കുറിപ്പ് തലശ്ശേരിയില്‍ എത്തിയെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ കഴിഞ്ഞ മാസം 22 നും കണ്ണൂര്‍ നിടുപൊയിലില് ജനവരി 2 നുമായിരുന്നു മാവോയിസ്റ്റ് അക്രമം നടന്നത്. കുറിപ്പിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കളക്ട്രേറ്റില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: