കൊല്ലം: ആണ്ടാമുക്കത്ത് കെഎസ്ആര്‍ടിസി രണ്ടാം ടെര്‍മിനല്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നു. റോഡ് വികസനത്തിനായി കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയുടെ സ്ഥലം വിട്ടുകൊടുത്തതിന് പകരമായി ആണ്ടാമുക്കത്ത് 50 സെന്റ് സ്ഥലം കിട്ടിയെങ്കിലും ഉപയോഗയോഗ്യമല്ല.
ആണ്ടാമുക്കത്തെ സ്ഥലം വികസിപ്പിച്ച് രണ്ടാം ടെര്‍മിനല്‍ ആരംഭിച്ചാല്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായിരിക്കും. കൊല്ലം ലോക്സഭാ മണ്ഡലത്തിലെ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതും കൂടുതല്‍ ജനോപകാരപ്രദമായ തരത്തില്‍ സര്‍വീസുകള്‍ നടത്തുന്നതും സംബന്ധിച്ചും ചര്‍ച്ച ചെയ്യുവാന്‍ എന്‍.കെ.പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ട പ്രകാരം വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും സംഘടനാ നേതാക്കളുടെയും സംയുക്ത യോഗത്തിലാണ് നിര്‍ദ്ദേശം.
കൊല്ലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഡിപ്പോയില്‍ നിന്നും കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളും ദീര്‍ഘദൂര സര്‍വീസുകളും ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായി. കൊല്ലം ഡിപ്പോയിലെ പരിമിതമായ സൗകര്യം കണക്കിലെടുത്ത് അടിസ്ഥാനസൗകര്യവികസനത്തിനായി കെഎസ്ആര്‍ടിസി പദ്ധതി സമര്‍പ്പിക്കുന്ന മുറയ്ക്ക് പ്രത്യേക ടോയ്ലെറ്റ് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് എംപി ഉറപ്പുനല്‍കി.
പുനലൂര്‍ ബസ് സ്റ്റാന്റിലെ നിര്‍മ്മാണം സംബന്ധിച്ച് മുനിസിപ്പാലിറ്റിയുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഉന്നതതലയോഗം വിളിച്ചുചേര്‍ത്ത് പ്രശ്നപരിഹാരമുണ്ടാക്കുവാനും യോഗത്തില്‍ ധാരണയായി. രാത്രികാലങ്ങളില്‍ ചടയമംഗലം ബസ് സ്റ്റാന്റില്‍ ആവശ്യമായ വെളിച്ചം ലഭ്യമാക്കുവാന്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം എംപി അംഗീകരിച്ചു.
എംപിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോണല്‍ ഓഫീസറുടെ ചുമതലയുള്ള എസ്.രാജന്‍ബാബു, വിവിധ യൂണിറ്റ് ഓഫീസര്‍മാര്‍, പി.ഗോപാലകൃഷ്ണന്, എച്ച്.ഹാരിസണ്‍, സദാശിവന്, അജിത്കുമാര്‍, സചീന്ദ്രന്‍.ബി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: