തലശ്ശേരി: കതിരൂരില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളംതോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാല് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ലഭിക്കാന്‍ സിബിഐ സംഘം ഹര്‍ജി നല്കി. കേസിലെ പ്രധാന പ്രതികളായ കതിരൂരിലെ വേണാടന് വിക്രമന്, ഉക്കാസ് മെട്ടയിലെ ജോര്‍ജ് എന്ന വിജേഷ്, മുത്തു എന്ന വിജേഷ്, ഷിബിന്‍ എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ലഭിക്കാന്‍ തലശ്ശേരി സെഷന്‍സ് ജഡ്ജി വി.ഷിര്‍സി മുന്‍പാകെ സിബിഐ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് കൃഷ്ണകുമാര്‍ ഹര്‍ജി നല്‍കിയത്.
കൊലപാതകത്തിലെ ഗൂഡാലോചന സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നത്. ഹര്‍ജി ഇന്ന് പരിഗണിക്കും. യുഎപിഎ നിയമപ്രകാരം കേസന്വേഷണത്തിന് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നതിന് നിയമ തടസ്സമില്ലെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
കൊലപാതകത്തിനിടെ പരിക്കേറ്റ പ്രധാനപ്രതി വിക്രമന് ചികിത്സ തേടിയ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ സിബിഐ സംഘം നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. യാതൊരു രേഖയുമില്ലാതെയാണ് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയില്‍ വിക്രമന് ചികിത്സ നല്‍കിയതെന്നാണ് പ്രാഥമിക നിഗമനം.
ആശുപത്രിക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ് സിബിഐ സംഘത്തിന്റെ നീക്കം. കേസിലെ പ്രതികളെ കണ്ണൂരില്‍ നിന്ന് പയ്യന്നൂലെത്തിക്കാന് സഹായിച്ച കൃഷ്ണനെ തേടി സിബിഐ സംഘം ഇന്നലെ തളിപ്പറമ്പിലെത്തിയിരുന്നു. ഇവിടെ ഒരു വീട്ടില്‍ കൃഷ്ണന് ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സിബിഐ സംഘം തളിപ്പറമ്പിലെത്തിയത്. എന്നാല്‍ കൃഷ്ണനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ വിക്രമന്, പ്രഭാകരന്, പ്രകാശന് എന്നിവര്‍ നല്കിയ ജാമ്യഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിന് വേണ്ടി കോടതി ഈ മാസം പതിനാലിലേക്ക് മാറ്റി. പ്രതികള്‍ക്ക് ജാമ്യം നല്കിയാല് കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: