ആലപ്പുഴ: തീരദേശസംരക്ഷണത്തിനുള്ള നിയമങ്ങള്‍ നിലവില്‍ വന്നതിനു ശേഷവും വേമ്പനാട്ടു കായലില്‍ നടന്ന കയ്യേറ്റങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ മുഴുവന്‍ കയ്യേറ്റങ്ങളും കണ്ടെത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും നിയമസഭയുടെ അനൗദ്യോഗികബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി അദ്ധ്യക്ഷന്‍ റ്റി.എന്‍. പ്രതാപന് എംഎല്‍എ പറഞ്ഞു. തെളിവെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേമ്പനാട്ടു കായലിലെ നെടിയതുരുത്ത്, വെറ്റിലത്തുരുത്ത് എന്നിവിടങ്ങളിലെ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതനിര്മാണപ്രവര്ത്തനങ്ങള് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും സമിതി പരാതികളും തെളിവുകളും സ്വീകരിച്ചു. വിവിധ വകുപ്പുദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തു. എംഎല്‍എമാരും സമിതിയംഗങ്ങളുമായ അന്‍വര്‍ സാദത്ത്, പി. തിലോത്തമന് എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു.
വേമ്പനാട്ടുകായലിലെ കയ്യേറ്റങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനനടപടിക്കു സമിതി ശുപാര്‍ശ ചെയ്യും. കായലോരത്ത് കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുഴുവന്‍ കയ്യേറ്റങ്ങള്‍ സംബന്ധിച്ചും ഉന്നതതല അന്വേഷണത്തിനും കയ്യേറ്റങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യും. ഒരു കാരണവശാലും വേമ്പനാട്ടുകായലിനെ മലിനീകരിക്കുന്ന പുതിയ വ്യവസായ-വാണിജ്യസംരംഭങ്ങള്‍ അനുവദിക്കരുത്.
കേന്ദ്ര തീരസംരക്ഷണ നിയമപ്രകാരം രൂപീകരിച്ച കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോരിറ്റി കായല്‍ത്തീരത്തെ തീരസംരക്ഷണ നിയമലംഘനം സംബന്ധിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് ഒരു വര്‍ഷമായിട്ടും മറുപടി നല്‍കാത്തതിനെ സമിതി വിമര്‍ശിച്ചു. ഫെബ്രുവരി 28 നകം റിപ്പോര്‍ട്ട് നല്കാന് കര്‍ശനനിര്‍ദ്ദേശവും നല്കി. ഏതെങ്കിലും പഞ്ചായത്തിന് ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കില്‍ ഇ- മെയില്‍ മുഖാന്തിരം അടിയന്തരമായി എത്തിക്കാനും നിര്‍ദ്ദേശിച്ചു.
പരമ്പരാഗതമായി തീരദേശത്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരും അവിടങ്ങളിലെ താമസക്കാരും വീടുനിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി സിആര്‍ഇസെഡ് നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിക്ക് അപേക്ഷ നല്‍കാറുണ്ട്. 4,000 ഓളം അപേക്ഷകളില്‍ 3,500ല്‍ ഏറെ എണ്ണത്തില്‍ തീരുമാനമായിക്കഴിഞ്ഞു. ഇത്തരം അപേക്ഷകളില്‍ ശുപാര്‍ശ നല്കുമ്പോള് പഞ്ചായത്ത് അധികൃതര്‍ കൃത്യമായ വിവരശേഖരണം നടത്തണം. അനുവദനീയമല്ലാത്ത മേഖലകളില്‍ റിസോര്‍ട്ടുകള്‍ക്കോ വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്കോ വേണ്ടി ഇളവ് ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കരുതെന്ന് സമിതി നിര്‍ദ്ദേശിച്ചു.
കുമരകം ബോട്ടുദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച മുഹമ്മയിലെ ജലഗതാഗതവകുപ്പ് കെട്ടിടത്തിന് പ്രത്യേകസാഹചര്യത്തില്‍ വൈദ്യുതി കണക്ഷന് ലഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട് സമിതി നിര്‍ദ്ദേശിച്ചു. കളക്ടര്‍ എന്‍. പത്മകുമാര്‍, സബ് കളക്ടര്‍ ഡി. ബാലമുരളി, ഡപ്യൂട്ടി കളക്ടര്‍ കെ.ആര്. ചിത്രാധരന്‍, ഡോ. കെ.കെ. രാമചന്ദ്രന്, ഡോ. ഹരി നാരായണന്, കെ. മോഹന്‍ ലാല്‍, സാമുവല്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍, സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: