തിരുവനന്തപുരം: ഏഴേകാല്‍ ലക്ഷം രൂപയുടെ പണാപഹരണ കേസില്‍ ദേവസ്വംബോര്‍ഡ് സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രിന്‍സിപ്പാള്‍ പൊതുസേവകന്റെ പരിധിയില്‍ വരില്ലെന്നും കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചാല്‍ മതിയെന്നുമുള്ള വിജിലന്‍സ് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി. 3 മാസത്തിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി.
കൊല്ലം ചക്കുവള്ളി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വി. ശശിധരന് പിള്ളക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടനാണ് ഉത്തരവിട്ടത്.
ദേവസ്വം ബോര്‍ഡ് സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ പൊതുസേവകന്റെ പരിധിയില്‍ വരില്ലെന്നും കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചാല്‍ മതിയെന്നുമുള്ള വിജിലന്‍സ് ഡിവൈഎസ്പി ആര്. ജയശങ്കറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്വ. നെയ്യാറ്റിന്‍കര പി. നാഗരാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
സര്‍ക്കാര്‍ നിയന്ത്രണത്തിലും സഹായത്തിലും പ്രവര്‍ത്തിക്കുന്ന അധികാര സ്ഥാപനമായ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാര്‍ പൊതുസേവകന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
2012-13 അദ്ധ്യയന വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടെക്സ്റ്റ്ബുക്ക് വിറ്റ വകയിലുള്ള 2, 88,976 രൂപയും ബസ് ഫീസ്, വിദ്യാര്‍ത്ഥികളുടെ ട്യൂഷന് ഫീസ്, അധ്യാപകരുടെ ഇഎസ്ഐ, പിഎഫ്, പ്രൊഫഷണല്‍ ടാക്സ് ഇനങ്ങളില്‍ പിരിച്ചെടുത്തതും അഡ്വാന്‍സ് തുകയും ചേര്‍ത്ത് 4,38,789 രൂപയും ഉള്‍പ്പെടെ 7,27,765 രൂപ സ്കൂള്‍ അക്കൗണ്ടില്‍ അടയ്ക്കാതെ അപഹരിച്ചതായി ദേവസ്വംബോര്‍ഡ് വിജിലന്‍സ് ഓഫീസര്‍ ബി.എല്‍. രേണു ഗോപാല്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: