തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇന്‍ഫര്‍മേഷന്‍ കിയോക്സുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി എം.കെ മുനീര്‍. തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് പൗര സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനുമാണ് പദ്ധതിയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിനുള്ള സോഫ്റ്റ്വെയര് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ ജനന, മരണ, വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍, കെട്ടിട പെര്‍മിറ്റ്, വിവിധ സാമൂഹ്യ സുരക്ഷാ പെന്ഷന് ഉള്‍പ്പെടെയുള്ള അപേക്ഷകളുടെ വിവരങ്ങള്‍, വസ്തു നികുതി സംബന്ധമായ വിവരങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
ഇ-പെയ്മെന്റ് സൗകര്യവും സര്‍ക്കാരിന്റെ മറ്റ് വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളും കിയോക്സുകളില് ലഭ്യമാണ്. നിലവിലുള്ള വിവിധ ഓണ്‍ലൈന്‍ സേവന സംവിധാനങ്ങള്‍ പൊതുവായ ഒരു വെബ്സൈറ്റിലൂടെ സുഗമമായി നല്‍കും. ഇതിനായി ‘സുരേഖ’ എന്ന വെബ്സൈറ്റ് വികസിപ്പിക്കും. ഡിജിറ്റല്‍ സിഗ്നേച്ചര്‍ സൗകര്യത്തോടെ അപേക്ഷകള്‍ ഇ- ഫയല്‍ ചെയ്യാനുള്ള സംവിധാനവും ഇതോടൊപ്പം നിലവില്‍ വരും.
തദ്ദേശസ്ഥാപനങ്ങളില്‍ തുടര്‍ പരിശീലനത്തിനും സര്‍ക്കാരിന്റെ മേല്‍ത്തട്ട് ഓഫീസുകള്‍, സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് എന്നിവയുമായി തല്‍സമയ സംവേദനത്തിനായി വിര്‍ച്വല്‍ ക്ലാസ് റൂം സംവിധാനം നടപ്പിലാക്കാന്‍ നടപടി ആരംഭിച്ചു. ഈ പദ്ധതിയിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും വേണ്ടി സമയലാഭത്തോടെ ചെലവു കുറച്ച് മികവുറ്റ രീതിയില്‍ തുടര്‍ പരിശീലനങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗും നടത്താന്‍ കഴിയുന്നതാണ്.
പഞ്ചായത്ത് കെട്ടിടങ്ങളുടെ വാടക, ഡി ആന്റ് ഒ ലൈസന്‍സ്, വിനോദ നികുതി, തൊഴില്‍ നികുതി, ഹാള്‍ ബുക്കിംഗ് തുടങ്ങിയവയും സേവനങ്ങള്‍ക്കുള്ള നികുതികളും അപേക്ഷാ ഫീസുകളും ഇ-പെയ്മെന്റ് വഴി അടക്കുന്നതിനുള്ള സംവിധാനം പൂര്‍ണമായും നടപ്പിലാക്കും. നുള്ള പ്രവര്‍ത്തനങ്ങള്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കും.
തദ്ദേശസ്ഥാപനങ്ങളില്‍ സേവനങ്ങള്‍ നല്‍കിവരുന്ന ഇരുപത്തിയഞ്ചോളം ഓണ്‍ലൈന്‍ സേവനങ്ങള്‍ സമന്വയിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ‘സമഗ്ര’ ഉടന്‍ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍ വഴി സൗജന്യമായി പൊതുജനങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: