ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായി കയാക്കിങ്, കനോയിങ്, റോവിങ് എന്നീ ജലകായിക ഇനങ്ങളുടെ നടത്തിപ്പിലും അഴിമതിക്ക് കളമൊരുങ്ങി. നഗരത്തിലെ പുന്നമടയില്‍ കനോയിങ്ങും കയാക്കിങ്ങും നടത്തുന്നതിന് എല്ലാവിധ സൗകര്യങ്ങളുണ്ടായിട്ടും ആര്യാട് പഞ്ചായത്തില്‍ കോടികള്‍ മുടക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ദുരൂഹതയുണ്ടെന്നു കായികതാരങ്ങള്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ചു അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ല.
ജലകായിക ഇനങ്ങളാണു ആലപ്പുഴയില്‍ നടത്തുന്നത്. എന്നാല്‍ ചിലരുടെ താത്പര്യ പ്രകാരം ഭാരദ്വോഹന ഇനത്തില്‍ അര്‍ജുന അവാര്‍ഡു ജേതാവായ മുന്‍ കായികതാരത്തെ ഏഴു സബ് കമ്മറ്റികളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ജലകായിക ഇനങ്ങളില്‍ അര്‍ജുന അവാര്‍ഡ് ജേതാക്കളും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളും ഇവിടെ ഉണ്ടായിട്ടും ഒരാളെ പോലും ഉള്‍പ്പെടുത്തിയില്ല.
കമ്മറ്റിയെ നയിക്കുന്ന റോവിങ് അസോസിയേഷന് സെക്രട്ടറിയാകട്ടെ റോവിങ്ങുമായി യാതൊരു ബന്ധവുമില്ലാത്ത കബഡി താരമാണെന്നതും ശ്രദ്ധേയമാണ്.ദേശീയ ഗെയിംസ് നടത്തിപ്പു കമ്മറ്റിയില്‍ കയാക്കിങ്, കനോയിങ് അസോസിയേഷന്റെ സെക്രട്ടറിയെ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. റോവിങ് ടീമില്‍ സെലക്ഷനില്‍ പങ്കെടുക്കാത്തവരെ പോലും ഉള്‍പ്പെടുത്തിയതായും പരാതിയുണ്ട്.
പുന്നമടയില്‍ എല്ലാ സൗകര്യങ്ങളും നിലവിലുണ്ടായിട്ടും ആര്യാട് പഞ്ചായത്തില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കോടിക്കണക്കിനു രൂപ വിനിയോഗിക്കുന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്നുകഴിഞ്ഞു. താത്കാലികമായി ടെന്റുകളും റൂമുകളും ബാത്ത്റൂമുകളും നിര്‍മ്മിച്ച് മത്സരത്തിനു ശേഷം ഉപയോഗശൂന്യമാക്കി കളയുമ്പോള്‍ പാഴാകുന്നത് കോടികളാണ്. ലക്ഷങ്ങള്‍ മുടക്കി ട്രാക്കുകള്‍ നിര്‍മ്മിക്കുന്നതിലെ ടെന്‍ഡറുകളിലും ക്രമക്കേടുകള്‍ നടന്നതായി പരാതിയുണ്ട്.
സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് കോടികള്‍ മുടക്കി റോഡ് നിര്‍മ്മിച്ച് ഫണ്ട് ദുരുപയോഗം ചെയ്യുന്നു. മത്സരം നടത്തുന്നതിനുള്ള ട്രാക്ക് നിശ്ചയിച്ചിട്ടും ഇതുവരെയും ഇവിടെ സംസ്ഥാന ടീമിന്റെ പരിശീലനം നടത്താന്‍ പോലും കഴിഞ്ഞിട്ടില്ല. സെലക്ഷന് ട്രയല്‍സ് പോലും നടന്നതു ആര് ബ്ലോക്കിലാണ്. കനോയിങ്, കയാക്കിങ് ബോട്ടുകള്‍ രണ്ടു കമ്പനികളില്‍ നിന്നു വാങ്ങുന്നതിലും ദുരൂഹതയുണ്ട്. ശക്തമായ ഓളം മൂലം ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ട്രാക്കില്‍ മത്സരങ്ങള്‍ നടത്താന്‍ കഴിയുമോയെന്ന ആശങ്കയും നിലനില്ക്കുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ക്ക് വാട്ടര്ക്യൂന് വാട്ടര്‍ സ്പോര്‍ട്സ് ട്രെയിനിങ് സെന്റര്‍ സെക്രട്ടറി കെ.എസ്. റെജി, സേവ്യര്‍ മാത്യു എന്നിവര്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: