തൃശൂര്‍: സ്വമേധയാ ഏത് മതം സ്വീകരിക്കുന്നതിനും അവകാശമുണ്ടെന്നിരിക്കെ പുനഃപരിവര്‍ത്തനം നടത്തുന്നവര്‍ മതതീവ്രവാദികളാണെന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ പ്രസ്താവന മതസ്പര്‍ദ്ധയുണ്ടാക്കുന്നതാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. നിര്‍ബന്ധമോ പ്രലോഭനമോ കൂടാതെയുള്ള മതപരിവര്‍ത്തനമോ പുനഃപരിവര്ത്തനമോ തെറ്റല്ല.
ഈ സാഹചര്യത്തില്‍ പൗവ്വത്തിലിന്റെ പ്രസ്താവന സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കുന്നതാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ അഡൈ്വസറി ബോര്‍ഡ് അംഗം ഫെലിക്സ് ജെ.പുല്ലൂടന്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. ക്രൈസ്തവ സഭകളില്‍ പരിഷ്കരണത്തിനും സുതാര്യതക്കും വേണ്ടി വാദിക്കുന്ന സംഘടനയാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍.
ഏറ്റവുമധികം മതപരിവര്‍ത്തനത്തിന് വിധേയരായത് ഹിന്ദു സമൂഹമാണ്. ദളിത് ക്രൈസ്തവരോടുള്ള നിലപാട് സഭ വ്യക്തമാക്കണം. പ്രലോഭനങ്ങളിലൂടെയാണ് സഭ മതംമാറ്റിയത്. മതംമാറിയവര്‍ക്ക് വേണ്ടി ഒന്നും ചെയ്തതുമില്ല. പകരം പുലയപ്പള്ളി പണിത് അവരെ മാറ്റിനിര്‍ത്തി. മതം മാറിയതുമൂലം നഷ്ടങ്ങളാണുണ്ടായതെന്ന് തിരിച്ചറിഞ്ഞ് തിരികെ പോകുന്നതിനെ എതിര്‍ക്കുന്നതെന്തിനാണ്.
നിര്‍ബന്ധ പരിവര്‍ത്തനമെങ്കില്‍ നിയപരമായി നടപടിയെടുക്കുകയാണ് വേണ്ടത്. ആക്ഷേപം ഉന്നയിക്കുന്നവര്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് കൂടി മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. തങ്ങളുടെ പരാജയം മറക്കാനാണ് ഇത്തരത്തിലുള്ള ലേഖനങ്ങളുമായി സഭ രംഗത്ത് വരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമം മൂലം തടയാനാകുമെന്ന് കരുതുന്നില്ല. എന്നാല്‍ നിയമനിര്‍മ്മാണത്തിനെതിരെ ക്രൈസ്തവസഭ മാത്രമാണ് രംഗത്ത് വരുന്നതെന്നതില്‍ ദുരൂഹതയുണ്ട്.
സഭകള്‍ക്കിടയില്‍ കിടമത്സരമാണ്. കത്തോലിക്കാ സഭയില്‍ നിന്നും പൊന്തക്കോസ്ത് സഭയിലേക്ക് കൊഴിഞ്ഞ് പോക്ക് നടക്കുകയാണ്. കാര്യംകാണല് രാഷ്ട്രീയമാണ് സഭയുടേത്. കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് വിദേശത്ത് നിന്നും സഭയ്ക്ക് ലഭിക്കുന്നത്. ഇത് സംരക്ഷിക്കാനാണ് ഭരിക്കുന്നവരുമായി സഭ ചേര്‍ന്ന് നില്‍ക്കുന്നതെന്നും ഫെലിക്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: