അമ്പലപ്പുഴ: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം യാത്രയായി. പേട്ടതുള്ളലിന് എഴുന്നുള്ളിക്കുന്നതിനുള്ള സ്വര്‍ണത്തിടമ്പ് അമ്പലപ്പുഴ ക്ഷേത്രം മേല്‍ശാന്തി കണ്ണമംഗലം കേശവന് നമ്പൂതിരി പൂജിച്ച് സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍ക്ക് കൈമാറി.
തുടര്‍ന്ന് പ്രത്യേകം അലങ്കരിച്ച രഥത്തിലേക്ക് തിടമ്പ് എഴുന്നള്ളിച്ചു. പിന്നീട് അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനവും കഴിഞ്ഞ് നഗരപ്രദക്ഷിണ രഥഘോഷയാത്ര നടത്തി വൈകിട്ടോടെ സംഘം അമ്പലപ്പുഴ ക്ഷേത്രത്തില്‍ തിരികെ എത്തി. സംഘം ഇന്ന് രാവിലെ യാത്ര തിരിക്കും. പേട്ടതുള്ളല്‍ പതിനൊന്നിനാണ് നടക്കുന്നത്.
51 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ രണ്ടുനേരം അന്നദാനവും അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലുമായി 17 ആഴി പൂജകളും നടത്തിയാണു സംഘം യാത്ര തിരിച്ചത്. നാളെ വൈകിട്ടോടെ പേട്ട സംഘം മണിമലകാവ് ദേവീക്ഷേത്രത്തിലെത്തും. ഒമ്പതിനു മണിമല കാവിലെ ആഴിപൂജയ്ക്കു ശേഷം പത്തിനു സംഘം എരുമേലിയിലെത്തും. 11ന് രാവിലെ ഒമ്പതിന് പേട്ടപ്പണം വെയ്ക്കുന്നതോടെയാണ് പേട്ടതുള്ളലിനുള്ള ചടങ്ങുകള്‍ ആരംഭിക്കുന്നത്.
പത്തോടെ കൊച്ചമ്പലത്തിലെത്തുന്ന സംഘം ആകാശത്ത് വട്ടമിടുന്ന കൃഷ്ണപ്പരുന്തിനെ ദര്‍ശിച്ച ശേഷം പേട്ട തുള്ളും. ചെറിയമ്പലത്തില്‍ നിന്നും വാവരുപള്ളിയിലെത്തുന്ന സംഘത്തെ കളഭം തളിച്ചും പുഷ്പവൃഷ്ടി നടത്തിയും പള്ളിഭാരവാഹികള്‍ സ്വീകരിക്കും. തുടര്‍ന്നു വാവരുടെ പ്രതിനിധിയും അമ്പലപ്പുഴ സംഘത്തോടൊപ്പം വലിയമ്പലത്തിലെത്തും. ഇവിടെ പ്രദക്ഷിണം വച്ചു നമസ്കാരം നടത്തുന്നതോടെ പേട്ട തുള്ളല്‍ സമാപിക്കും.
രാത്രിയില്‍ ആഴി പൂജ നടത്തി സംഘം പമ്പയിലേക്കു യാത്രതിരിക്കും. 13ന് പമ്പാ സദ്യ നടത്തി മല ചവിട്ടുന്ന അമ്പലപ്പുഴ സംഘത്തിനു ദര്‍ശനത്തിനും മറ്റുമുള്ള സൗകര്യങ്ങള്‍ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. മകരവിളക്കു ദിവസം നെയ്യഭിഷേകവും അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടക്കും. മകരവിളക്കിന്റെ അടുത്തദിവസം മാളികപ്പുറത്തുനിന്നു സന്നിധാനത്തേക്കു അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി നടക്കും. തുടര്‍ന്നു തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ചു സംഘം മലയിറങ്ങും. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: