എരുമേലി: ധനുമാസരാത്രിയെ ശരണമന്ത്രങ്ങളാല്‍ ഭക്തിസാന്ദ്രമാക്കിമാറ്റി കൃഷിമന്ത്രി കെ.പി. മോഹനന് ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം എരുമേലിയില്‍ പേട്ടതുള്ളി. വിവിധതരം വര്‍ണ്ണങ്ങള്‍ ദേഹമാസകലം വാരിപ്പൂശിയും പാണനിലകള്കൊണ്ട് താളംപിടിച്ചുമാണ് വാദ്യമേളക്കൊഴുപ്പില് മന്ത്രിയും സംഘം പേട്ടതുള്ളിയത്. 48 വര്‍ഷമായി ശബരീശനെ കാണാനെത്തിയ മന്ത്രി എരുമേലിയിലെ ആചാരാനുഷ്ഠാനങ്ങള്‍ മുറപോലെ വ്രതശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിതാവിനൊപ്പം തുടങ്ങിയ ഈ തീര്‍ത്ഥയാത്ര മൂന്നുതവണമാത്രമാണ് മുടങ്ങിയിട്ടുള്ളത്. കണ്ണൂര്‍ പാനൂരിലെ സ്വവസതിയിയായ പത്മാനിവാസില്നിന്നും 92 പേരടങ്ങുന്ന തീര്‍ത്ഥയാത്രസംഘം ഇരുമുടികെട്ടി എരുമേലിയിലെത്തി ദേവസ്വം ഹാളില്‍ വിരിവച്ചാണ് പേട്ടതുള്ളിയത്. ബന്ധുക്കള്‍, ഓഫീസിലെ ജീവനക്കാര്‍, സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍ അടക്കം വലിയസംഘം എരുമേലി വലിയ അമ്പലത്തിലും കൊച്ചമ്പലത്തിലും പള്ളിയിലുമെത്തി തങ്ങളുടെ ശബരിമല തീര്‍ത്ഥയാത്ര പൂര്‍ണ്ണമാക്കി. നാല് കുട്ടികളും 8 മാളികപ്പുറങ്ങളുമായിവന്ന സംഘത്തില്‍ 22പേരും ഇത്തവണ കന്നിസ്വാമിമാരായിരുന്നു.
ഇന്നലെ വെളുപ്പിന് 2 മണിയോടെ എരുമേലിയിലെത്തി ആചാരാനുഷ്ഠാനമായ പേട്ടതുള്ളലും നടത്തിയാണ് ശബരീശനെ കാണാന്‍ മന്ത്രിസ്വാമിയും സംഘവും യാത്രതിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: