കോട്ടയം: കേന്ദ്രം നല്കിയ മണ്ണെണ്ണ മത്സ്യബന്ധന ബോട്ടുകള്‍ക്ക് വകമാറ്റി മറിച്ചുവിറ്റതിനാല്‍ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കുറച്ചു. കഴിഞ്ഞ ഡിസംബര്‍ വരെ മൂന്നുമാസ ആവശ്യത്തിന് 30,048 കിലോലിറ്റര്‍ മണ്ണെണ്ണയാണ് സംസ്ഥാനത്തിനു ലഭിച്ചിരുന്നത്. എന്നാല്‍ 2015 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തേക്ക് 22464 കിലോലിറ്റര്‍ മണ്ണെണ്ണയാണ് അനുവദിച്ചിട്ടുള്ളത്. 7584 കിലോലിറ്റര്‍ മണ്ണെണ്ണയാണ് (7584000 ലിറ്റര്‍) ജനുവരി ഒന്നു മുതല്‍ വെട്ടിക്കുറച്ചത്.
പൊതുവിതരണ ശ്യംഖലയിലൂടെ വിളക്കു തെളിയിക്കുന്നതിനും പാചക ആവശ്യത്തിനും മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ സബ്സിഡി നിരക്കില്‍ നല്‍കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ 2012-13 വര്‍ഷത്തില്‍ 30300 കിലോലിറ്റര്‍ മണ്ണെണ്ണ മത്സ്യബന്ധന ബോട്ടുകള്‍ക്കും കാര്‍ഷിക ആവശ്യത്തിനും വകമാറ്റി വില്പന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത്. വക മാറ്റി ചെലവഴിച്ച മണ്ണെണ്ണയുടെ 25 ശതമാനമായ 7584 കിലോലിറ്ററാണ് കുറച്ചത്.
പൊതുവിതരണ ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച മണ്ണെണ്ണ സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡം ലംഘിച്ച് വകമാറ്റി വില്പന നടത്തുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍ പല തവണ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മറുപടി നല്കാന് പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. മണ്ണെണ്ണ വകമാറ്റി വില്പന നടത്തുന്നതിനെതിരെ കണ്ട്രോളര് ആന്റ് ഓഡിറ്റ് ജനറലിന്റെ എതിര്‍പ്പുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മത്സ്യബന്ധനബോട്ടുകള്‍ക്ക് മണ്ണെണ്ണ നല്കാന് പ്രത്യേക അപേക്ഷ നല്കി കേന്ദ്രത്തില്‍നിന്നും മണ്ണെണ്ണ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: