ചെറുതുരുത്തി (തൃശൂര്‍): ജനസേവനത്തിനായി ലക്ഷങ്ങള്‍ ചെലവാക്കി തുടങ്ങിയ അക്ഷയ സംരംഭകര്‍ കടക്കെണിയില്‍. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളില്‍ മുപ്പത് ശതമാനത്തോളം പൂട്ടിയതായി സംരംഭകര്‍ പറയുന്നു.
കമ്പ്യൂട്ടര്‍ പരിശീലനത്തിന് 2005ലാണ് സംസ്ഥാന സര്‍ക്കാരും ഐടി വകുപ്പും ചേര്‍ന്ന് ഘട്ടം ഘട്ടമായി അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങിയത്. പിന്നീട് സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങളെ ചുമതലപ്പെടുത്തി. ഇന്ന് വൈദ്യുതി ബില്‍ മുതല്‍ ആധാര്‍ രജിസ്ട്രേഷന് വരെ നടത്തുന്ന അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ കടുത്ത അവഗണനയാണ് നേരിടുന്നത്. കമ്മീഷനായി 100 രൂപയ്ക്ക് 25 രൂപയാണ് ലഭിക്കുന്നത്.
10 വര്‍ഷം മുന്‍പ് നിശ്ചയിച്ച തുകയാണ് ഇത്. ഓരോ സേവനത്തിനും നിശ്ചിത ഫീസും നികുതിയും സര്‍ക്കാരിന് അതാതുമാസം നല്‍കണം. എന്നാല്‍ സര്‍ക്കാര്‍ നല്കുന്ന കമ്മീഷന് കിട്ടാന്‍ വര്‍ഷങ്ങള്‍ കഴിയും. കടം വാങ്ങിയും പലിശക്ക് എടുത്തുമാണ് ഇന്റര്‍നെറ്റ് ബില്‍, വൈദ്യുതി ബില്‍, ജീവനക്കാരുടെ വേതനം എന്നിവ നല്‍കുന്നത്.
ഉപഭോക്താക്കളില്‍ നിന്നു വാങ്ങുന്ന തുക ഇ ബാങ്കിങ്ങ് വഴി ഐടി മിഷന് അയക്കുമെങ്കിലും അക്ഷയകേന്ദ്രങ്ങള്‍ക്ക് ഈ വകയിലും കോടികള്‍ നല്‍കാനുണ്ട്. ആധാര്‍ കാര്‍ഡുകളുടെ രജിസ്ട്രേഷനു മാത്രം ഒരു കോടി രൂപയിലധികമാണ് ലഭിക്കാനുള്ളത്. പണം നല്‍കാത്തതിന് പുറമെ ആധാര്‍ കാര്‍ഡ് വിതരണം ചെയ്യുന്നതില്‍ യുഐഡി അധികൃതര്‍ വരുത്തിയ താളപ്പിഴയുടെ ഉത്തരവാദിത്വവും അക്ഷയകേന്ദ്രങ്ങളുടേതായി.
ആധാര്‍ രജിസ്ട്രേഷന് നടത്തിയ കെല്‍ട്രോണ്‍, ഐടി സ്കൂളുകള്‍ എന്നീ ഏജന്‍സികള്‍ക്ക് ഒരു കാര്‍ഡിന് 50 രൂപ ലഭിക്കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭിക്കുന്നത് 30 രൂപ മാത്രം. കേന്ദ്രസര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങളിലേക്ക് മാസം രണ്ടായിരം രൂപ വീതം ഗ്രാന്റ് നല്‍കുന്നതിന് കോടികള്‍ സംസ്ഥാനസര്‍ക്കാരിന് കൈമാറിയിരുന്നെങ്കിലും എങ്ങുമെത്തിയില്ല.
2010ല്‍ കേന്ദ്രസര്‍ക്കാര്‍ അക്ഷയകേന്ദ്രങ്ങള്‍ കോമണ്‍ സര്‍വ്വീസ് സെന്ററായി (സിഎസ്ഇ) അംഗീകരിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം ഇത് നടപ്പിലായില്ല.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളായ ജീവന് പ്രമാണ്, സ്വാവലംബന്‍ പെന്ഷന് മുതലായ സംരംഭങ്ങള്‍ സര്‍ക്കാരിന് കമ്മീഷന് കിട്ടിയില്ല എന്ന കാരണത്താല്‍ തടയപ്പെട്ടിരിക്കുകയാണ്. ഇത് വേണ്ട രീതിയില്‍ പ്രോത്സാഹിപ്പിച്ചാല്‍ ഏറെ പ്രയോജനകരമാകുമെന്ന് സംരംഭകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ഇതൊക്കെയാണെങ്കിലും അടുത്തിടെ ഒരു കോടി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി വിതരണം ചെയ്തതിന്റെ ആഘോഷങ്ങള്‍ അതിവിപുലമായി ഐടി വകുപ്പും റവന്യൂ വകുപ്പും ആഘോഷിച്ചിരുന്നു. പക്ഷെ ഈ ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കിയ അക്ഷയ കേന്ദ്രങ്ങളെ കറിവേപ്പിലയാക്കി വലിച്ചെറിയുകയാണെന്ന് സംരംഭകര്‍ പറയുന്നു. മോദി സര്‍ക്കാര്‍ ഗുജറാത്തില്‍ സിഎസ്സി കേന്ദ്രങ്ങളിലൂടെ മാസം അയ്യായിരം രൂപ വെച്ച് നല്‍കിവരുന്നത് കേരള സര്‍ക്കാരിന് മാതൃകയാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: