തിരുവനന്തപുരം: കൊച്ചിമെട്രോ നിര്‍മ്മാണത്തിന് 470 കോടി വായ്പയെടുക്കും. കൊച്ചിമെട്രോ റെയില്‍ കോര്പ്പറേഷന്, ബാങ്കുകളില്‍ നിന്ന് എടുക്കുന്ന വായ്പ 10 വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടക്കും. പദ്ധതിയിലെ സര്‍ക്കാര്‍ വിഹിതമായാണ് പണം കണക്കാക്കുക.
ഇതിനായി ബാങ്കുകളുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും പല ബാങ്കുകളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും മെട്രോ റെയില്‍ നിര്മ്മാണഅവലോകനത്തിന് ശേഷം മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
വായ്പാ പദ്ധതി സംബന്ധിച്ച മാര്‍ഗരേഖക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ ഇക്കാര്യം വീണ്ടും മന്ത്രിസഭ പരിഗണിക്കും. സ്ഥലം ഏറ്റെടുക്കാനാണ് പണം വേണ്ടിവരുന്നത്. കൊച്ചി മെട്രോയ്ക്ക് പണം തടസമാകില്ലെന്നും നിശ്ചിത സമയത്തോ അതിന് മുമ്പോ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കും. 818 തൂണുകള്‍ സ്ഥാപിക്കേണ്ടതില്‍ 800നും സ്ഥലം ലഭിച്ചു. സ്റ്റേഷന് നിര്‍മാണത്തിനായി ഇടപ്പള്ളി, ചങ്ങമ്പുഴപാര്‍ക്ക്, ലിസി, എംജി റോഡ്, സൗത്ത്, പേട്ട എന്നിവിടങ്ങളില്‍ ഭാഗികമായി സ്ഥലം വിട്ടുകിട്ടേണ്ടതുണ്ട്. 22 സ്റ്റേഷനുകളാണ് ആകെയുള്ളത്. ദേശാഭിമാനി കലൂര്‍, വൈറ്റില, പേട്ട, ഇടപ്പള്ളി എന്നിവിടങ്ങളില്‍ റോഡ് വികസനവും അവശേഷിക്കുന്നുണ്ട്.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 90ശതമാനം തര്‍ക്കങ്ങളും പരിഹരിച്ചുകഴിഞ്ഞതായി മന്ത്രി പറഞ്ഞു. കോച്ചുകളുടെ നിര്‍മാണം സംബന്ധിച്ച് 12ന് കമ്പനികളുമായി ചര്‍ച്ച നടത്തും. 13ന് ഇക്കാര്യം അവലോകനം ചെയ്യുമെന്നും ആര്യാടന് പറഞ്ഞു. കൊച്ചി മെട്രോ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: