ചേര്‍ത്തല: പൂരത്തിന്റെ സ്വന്തം നാടിന് ഇനി കലാപൂരത്തിന്റെ നിറവാര്‍ന്ന ദിനങ്ങള്‍, അഞ്ച് ദിനങ്ങള്‍ നീളുന്ന റവന്യൂ ജില്ലാ കലോത്സവത്തിനു ചേര്‍ത്തലയില്‍ തുടക്കമായി. ചേര്‍ത്തല ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാരംഭിച്ച ഘോഷയാത്രയോടെയായിരുന്നു മേള ആരംഭിച്ചത്. നഗരപരിധിയിലെ പത്തോളം സ്കൂളുകളിലെ ആയിരത്തിലധികം കുട്ടികളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര ആരംഭിച്ചത്. ഭാരതമാതാവും, കലാരൂപങ്ങളും, കോല്‍ക്കളിയും, വെള്ളി, സ്വര്‍ണ നിറങ്ങളിലെ റിബണുകള്‍ വീശിയുള്ള പ്രകടനം, സൈക്കിളില്‍ പൂക്കൂടയേന്തിയ പെണ്‍കുട്ടികള്‍, ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍, സെറ്റുമുണ്ടുടുത്ത മലയാളി മങ്കമാര്‍, വഞ്ചിപ്പാട്ടിന്റെ ആരവങ്ങള്‍, ഒപ്പന, മാര്‍ഗംകളി, തിരുവാതിര, ഭരതനാട്യം തുടങ്ങിയ നടനവേഷങ്ങള്, ക്രിസ്മസ് പപ്പാമാര്‍, എന്‍സിസി കേഡറ്റുകള്‍, സ്ക്കൗട്ട് എല്ലാം ഘോഷയാത്രയ്ക്ക് മിഴിവേകി. താലിബാന് ആക്രമണത്തില്‍ പേഷാവറിലെ സ്കൂള്‍മുറികളില്‍ മരിച്ചുവീണ കുട്ടികളും നിശ്ചല ദൃശ്യങ്ങളിലൂടെ ഘോഷയാത്രയില്‍ പുനര്‍ജനിച്ചു. ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എല്‍പി വിഭാഗത്തില്‍ ഗവ. ടൗണ്‍ എല്‍പി സ്കൂളും, യുപി വിഭാഗത്തില്‍ ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ സെന്റ് മേരീസ് ഹൈസ്കൂളും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്ക്കൂളും സമ്മാനം നേടി.
പ്രതിഷേധങ്ങള്‍ക്കിടയില്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ആവേശം മങ്ങി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് ഉദ്ഘാടകനാക്കിയിരുന്നതെങ്കിലും മന്ത്രി എത്തിയില്ല. മന്ത്രി ഉദ്ഘാടകനായെത്തുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ കൂടിയായ പി. തിലോത്തമനെ ആശംസാ പ്രാസംഗികനാക്കി ഒതുക്കിയതില്‍ പ്രതിഷേധിച്ച് എംഎല്‍എ പങ്കെടുക്കില്ലെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു. എംഎല്‍എയെ പിന്തുണച്ച് ഇടതുപക്ഷത്തെ ഒരു ജനപ്രതിനിധി പോലും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായി. എന്നാല്‍ മന്ത്രി എത്താത്തതിനെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ക്ഷണിച്ചവരില്‍ ഭൂരിഭാഗം പേരും ഉദ്ഘാടന ചടങ്ങിനെത്തിയില്ല എന്ന സവിശേഷത കൂടി ഇത്തവണത്തെ റവന്യൂ ജില്ലാ കലോത്സവത്തിന് സ്വന്തമായി. ശുഷ്ക്കിച്ച സദസും ചടങ്ങിന്റെ മാറ്റ് കുറച്ചു. ഒഴിഞ്ഞ കസേരകളാണ് അതിഥികളെ സ്വീകരിച്ചത്. സദസിലുള്ളതിനേക്കാള് കൂടുതല്‍ പേര് വേദിയിലുണ്ടെന്ന നടന് ഹരിശ്രീ അശോകന്റെ വാക്കുകള്‍ കയ്യടിയോടെയാണ് സദസ്യര്‍ ആസ്വദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: