കുട്ടനാട്: കുട്ടനാട് താലൂക്കില്‍ ഒരിടവേളയ്ക്ക് ശേഷം നെല്‍വയല്‍ നികത്തല്‍ വ്യാപകമായി. വീടുവയ്ക്കാന്‍ പത്തു സെന്റ് നികത്തുന്നതിനുള്ള സര്‍ക്കാര്‍ അനുമതിയുടെയും ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ മറവിലുമാണ് വയലുകള്‍ വ്യാപകമായി നികത്തുന്നത്.
വെളിയനാട്, കാവാലം, നീലംപേരൂര്‍, പുളിങ്കുന്ന്, രാമങ്കരി, ചമ്പക്കുളം, മുട്ടാര്‍, തലവടി, എടത്വ, വീയപുരം, തകഴി, കൈനകരി, നെടുമുടി പഞ്ചായത്തുകളിലായി ഇതിനകം ആയിരകണക്കിന് ഏക്കര്‍ പാടശേഖരം മണ്ണിട്ട് നികത്തി കഴിഞ്ഞു. വീടുവയ്ക്കാന്‍ പത്തുസെന്റ് നികത്താന്‍ ലഭിക്കുന്ന അനുമതിയുടെ മറവില്‍ പത്തുസെന്റ് പാടം നികത്തുകയും പിന്നീട് ക്രമേണ ചുറ്റുമുള്ള നെല്‍പ്പാടം പൂര്‍ണമായും നികത്തി കരഭൂമിയാക്കുകുമാണ് പതിവ്. ഒരേക്കര്‍ നെല്‍പ്പാടം അഞ്ചുമുതല്‍ ഏഴുലക്ഷം രൂപവരെ വില നല്കി വാങ്ങിയശേഷം പുരയിടമാക്കി വില്‍ക്കുന്നത് ഒരു സെന്റിന് ഒന്നുമുതല്‍ രണ്ടുലക്ഷം രൂപവരെ വാങ്ങിയാണ്. അന്യജില്ലക്കാരായ ഭൂമാഫിയകളാണ് നെല്‍പ്പാടങ്ങള്‍ വ്യാപകമായി വാങ്ങിക്കൂട്ടുന്നത്.
ഒന്നുരണ്ട് വര്‍ഷം കൃഷിചെയ്തശേഷം വര്‍ഷങ്ങളോളം തിരിശിടുന്നതും നെല്‍പ്പാടങ്ങളുടെ നാശത്തിന് കാരണമാകുന്നു.കുട്ടനാട് കാര്‍ഷിക പാക്കേജ് പ്രകാരം മത്സ്യക്കൃഷി നടക്കുന്ന പാടശേഖരങ്ങളിലും വ്യാപകമായി പാടശേഖരങ്ങള്‍ നികത്തി പുരയിടമാക്കുകയാണ്.
പുറംബണ്ട് ബലപ്പെടുത്തല്‍, മത്സ്യ നഴ്സറി നിര്‍മാണം എന്നിവയുടെ മറവിലാണ് ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍ നികത്തി പുരയിടമാക്കുന്നത്. അഞ്ചുമീറ്ററില്ക്കുറഞ്ഞ വീതിയില്‍ മുമ്പുണ്ടായിരുന്ന പുറംബണ്ടുകള്‍ പലതും ഇരുപത് മീറ്ററിലധികം വീതിയിലുള്ള പുറംബണ്ടുകളാക്കുകയും ക്രമേണ ഗ്രാവല്മണ്ണിട്ട് പുരയിടമാക്കുകയുമാണ്. റവന്യു. പഞ്ചായത്ത് അധികൃതരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും ഇതിന് ഒത്താശ ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: