ന്യൂദല്‍ഹി: സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. മണിയുടെ പ്രസംഗത്തില്‍ അന്വേഷിക്കേണ്ടതായി ഒന്നുമില്ലെന്നും ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. മണിയുടെ വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം വേണ്ടെന്ന് ഹൈക്കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.
എംഎം മണിയുടെ മണക്കാട്ടെ വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. മണിക്കെതിരെ അന്വേഷണം നടത്താന്‍ വേണ്ടത്ര തെളിവു ലഭിച്ചിട്ടില്ലെന്നും പ്രസംഗത്തിന്റെ പേരില്‍ മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു. ഇതേ വാദങ്ങള്‍ നിരത്തിയാണ് സുപ്രീം കോടതിയും സര്‍ക്കാറിന്റെ ഹര്‍ജി തള്ളിയിരിക്കുന്നത്.
വിധിയെ സ്വാഗതം ചെയ്യുകയാണെന്ന് എം.എം മണി പ്രതികരിച്ചു. എനിക്ക് നീതി കിട്ടി. എന്റെ പ്രസംഗത്തിന്റെ പേരില്‍ രാഷ്ട്രീയ എതിരാളികള്‍ എന്നെയും എന്റെ പാര്‍ട്ടിയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് മറുപടിയാണ് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പാണ് ഇടുക്കിയിലെ മണക്കാട്ട് നടന്ന പൊതുയോഗത്തില്‍ മണി വിവാദ പ്രസംഗം നടത്തിയത്. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയ ശീലം സിപിഎമ്മിനുണ്ടെന്നും ഇതിന് ഉദാഹരണമാണ് പാര്‍ട്ടി പ്രവര്ത്തകന് അയ്യപ്പദാസിനെ കൊന്ന ബാലുവിനെ വകവരുത്തിയതെന്നായിരുന്നു മണിയുടെ പ്രസംഗം.
മണിയുടെ വിവാദ പ്രസംഗം ചുവടെ….
‘ചിലതിനൊക്കെ പ്രതികരിക്കാനും അറിയാം. എന്ത് അക്രമാ..ചിലതൊക്കെ അടിച്ചത് ഞങ്ങള്‍ തിരിച്ചടിച്ചിട്ടുണ്ട്. അടിക്കും. എല്ലായിടത്തും ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങളുടെ പ്രസ്ഥാനത്തിന് ശേഷിയുള്ളിടത്തല്ലേ അടി.
‘പണ്ട് പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്ന 32 വയസുകാരന് ബാലു, ചെറുപ്പക്കാരനാ കല്യാണം പോലും കഴിക്കാത്തവന്. ഏരിയാ കമ്മിറ്റി മെമ്പറായിരുന്നു. വെട്ടിവെട്ടി കൊന്നു. ഉമ്മന്‍ചാണ്ടിയുടെ ഒക്കെ ആളുകളെ. ഈ ഉമ്മന്‍ചാണ്ടിയുടെ നേരിട്ട ബന്ധുക്കാരനായിരുന്നു ബാലു. പി.ടി തോമസ്സിന്റെയല്ല. ഇല്ലേ..അത് ശരിയാ അയാളെ തിരിച്ചടിച്ചു.
1982ല്‍ നമ്മള് എന്തെല്ലാം കണ്ടു. അന്ന് വയലാര്‍ രവി ആഭ്യന്തരമന്ത്രി, കരുണാകരന് മുഖ്യമന്ത്രി. പ്രിയപ്പെട്ട സുഹൃത്തുക്കളേ 82 കാലത്ത് അന്ന് ശാന്തന്‍പാറ രാജക്കാട്ട് മേഖലയില്‍ അന്ന് കോണ്‍ഗ്രസുകാരും പോലീസും ഗുണ്ടകളും തോക്കുമായി എസ്റ്റേറ്റുകളില്‍ പോയി യൂണിയന് രാജിവെപ്പിച്ച്. ഐഎന്‍ടിയുസി സംഘടിപ്പിച്ചു. ഓര്‍ക്കുന്നുണ്ടോ, നൂറ് കണക്കിന് കേസുകളാണ് അന്ന് ഞങ്ങള്‍ക്കെതിരെ ചുമത്തിയത്. മത്തായി എന്നു പറയുന്ന ഒരു വായിനോക്കി എസ്ഐ ആണ് അവിടെ. അന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അതുമൊരു വായി നോക്കി. ആഭ്യന്തരമന്ത്രിയുമൊരു വായി നോക്കി. വയലാര്‍ രവി. ഇവര്‍ ചെയ്തതാ. ഞങ്ങള്‍ പ്രസ്താവനയിറക്കി ഒരു 13 പേരെ. വണ്‍, ടു, ത്രി. ഫോര്‍…..ആദ്യത്തെ മൂന്ന് പേരെ ആദ്യമങ്ങ് കൊന്നു. വെടിവെച്ചുകൊന്നത് ഒന്നിനെ, മറ്റേതിനെ കുത്തിക്കൊന്നു ഒന്നിനെ തല്ലിക്കൊന്നു. അങ്ങനാ മനസിലായില്ലേ,
ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്. രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാംപേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു. അതോടെ കോണ്‍ഗ്രസുകാര്‍ ഖദറും വലിച്ചൂരി ഊളിയിട്ടു. പിന്നെ കുറച്ച് നാളത്തേക്ക് ഞങ്ങളീ ഖദറും ഇട്ടോണ്ട് നടന്നോട്ടെയെന്ന് ചോദിക്കുമായിരുന്നു. ഞങ്ങളിതെത്ര കണ്ടതാ. കൊണ്ടും കൊടുത്തും ശീലമുണ്ട്. അതുകൊണ്ട് ഞങ്ങളെ ഒരുമാതിരി വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കാനൊന്നും ആരും നോക്കണ്ടാ. ഞങ്ങളിതൊക്കെ കുറേ കണ്ടതാണ്. മനസ്സിലായില്ലേ, കൊണ്ടും കൈകാര്യം ചെയ്തും ശീലമുണ്ട്. അതാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: