തൃശൂര്‍: സാമ്പത്തികസഹായ വാഗ്ദാനം നല്‍കിയും പ്രലോഭിപ്പിച്ചും കാലങ്ങളായി മതപരിവര്‍ത്തനം നടത്തിയവര്‍ പുനഃപരിവര്‍ത്തനത്തെ എതിര്‍ക്കുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് സിസ്റ്റര്‍ ജെസ്മി. പുനഃപരിവര്‍ത്തനം നടത്തുന്നവര്‍ മതതീവ്രവാദികളാണെന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
മതപരിവര്‍ത്തനം നടത്തുന്നവര്‍ തീവ്രവാദികളാണെങ്കില്‍ പൗവ്വത്തില്‍ പിതാവ് ഉള്‍പ്പെടെയുള്ളവരെയും അങ്ങനെ വിളിക്കേണ്ടിവരുമെന്നും സ്വന്തം കുഞ്ഞാടുകളെപ്പോലും ചിരിപ്പിക്കുന്ന പ്രസ്താവനയാണിതെന്നും സിസ്റ്റര്‍ ജന്മഭൂമിയോട് പറഞ്ഞു.
കൊട്ടക്കണക്കിന് വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് മതംമാറ്റിയവര്‍ തിരികെ പോകുന്നത് എന്തുകൊണ്ടാണെന്നാണ് ബിഷപ്പ് ചിന്തിക്കേണ്ടത്. മതംമാറ്റിയവരെ മാര്‍ഗം കൂടിയവരാണെന്ന് പറഞ്ഞ് അകറ്റിനിര്‍ത്തി. സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടതല്ലാതെ അവര്‍ക്ക് സാമ്പത്തികമായോ സാമൂഹികമായോ ഉയര്‍ച്ചയുണ്ടായില്ല. പ്രത്യേക പള്ളിയും സെമിത്തേരിയും പണിത് ക്രൈസ്തവ സമൂഹത്തിന്റെ ഭാഗമാക്കാതെ മാറ്റിനിര്‍ത്തി. പൂര്‍വ്വ മതത്തിലേക്ക് തിരികെപോയാല്‍ മെച്ചപ്പെട്ട ജീവിതം അവര്‍ക്ക് ലഭിക്കുമെങ്കില്‍ എന്താണ് കുഴപ്പം.
സ്വമേധയാ മതം മാറുന്നതില്‍ തെറ്റില്ല. നിര്‍ബന്ധിത പരിവര്‍ത്തനമാണ് എതിര്‍ക്കപ്പെടേണ്ടത്. ഘര്‍ വാപസിയെ എതിര്‍ക്കുന്നവര്‍ നിര്‍ബന്ധിത പരിവര്‍ത്തനം നടത്തില്ലെന്ന് സ്വയം പ്രഖ്യാപിക്കാന്‍ മടിക്കുന്നതെന്തു കൊണ്ടാണ്. പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള നിര്‍ബന്ധം മൂലമല്ലേ പെണ്‍കുട്ടികള്‍ കന്യാസ്ത്രീ മഠത്തില്‍ ചേര്‍ക്കപ്പെടുന്നത്. സ്വന്തം കാലിലെ മന്ത് മണ്ണില്‍പ്പൂഴ്ത്തി മറ്റുള്ളവന്റെ കാലിലെ മന്ത് ചൂണ്ടിക്കാണിക്കുന്നത് അല്‍പ്പത്തരമാണ്.
മതപരിവര്‍ത്തനം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന അഭിപ്രായം ബിഷപ്പിന്റെ സ്വയംതിരിച്ചറിവായേ കാണാന്‍ കഴിയു. ക്രൈസ്തവ സഭകള്‍ തീവ്രവാദം നേരിട്ടല്ല നടത്തുന്നത്. മറ്റ് പല മാര്‍ഗങ്ങളും ഉപയോഗിച്ചാണ്. ലോകം മുഴുവന്‍ സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന ബൈബിളിലെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്താണ് സഭകളുടെ മതപരിവര്‍ത്തന പ്രക്രിയ. കന്യാസ്ത്രീകള്‍ വഴി കൂടുതല്‍പേരെ മഠത്തിലെത്തിക്കുന്നു. സാമൂഹ്യസേവനത്തിന്റെ മറവില്‍ മറ്റ് മതസ്ഥരെ മതം മാറ്റുന്നു. മതം മാറ്റത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് മുന്തിയ പരിഗണനയാണ് സഭകളില്‍ ലഭിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട് സഭയ്ക്ക്. അതിന് നികുതി നല്‍കുന്നുമില്ല. ക്രിസ്ത്യാനിയായ ഉമ്മന്‍ ചാണ്ടിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന അഹങ്കാരമാണ് കത്തോലിക്കാ സഭയ്ക്ക്. അതിനാലാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നത്.
സഭകള്‍ക്കിടിയിലെ തമ്മിലടി പോലും പരിഹരിക്കാനാകുന്നില്ല. സഭയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കാണ് ഇപ്പോള്‍ നടക്കുന്നത്. കത്തോലിക്കാ സഭയില്‍ നിന്നും പൊന്തക്കോസ്ത് സഭയിലേക്ക് അനുയായികള്‍ ഒഴുകുന്നത് തടയാനാണ് ബിഷപ്പ് ശ്രമിക്കേണ്ടതെന്നും ഇപ്പോഴത്തേത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: