തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് ഗണേഷ്കുമാര് എംഎല്‍എ ലോകായുക്തയില്‍ മൊഴി നല്കി. മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും ഉദ്യോഗസ്ഥര്‍ക്കുമെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നെന്നും തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്നും ഗണേഷ് ലോകായുക്തയോട് അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 30ന് തെളിവുകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഗണേഷിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
നിയമസഭയില്‍ ആരോപണം ഉന്നയിച്ചില്ലെങ്കിലും മന്ത്രിക്കെതിരേയും കോടതിയില്‍ തെളിവ് നല്‍കുമെന്നും ഗണേഷ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ആരോപണങ്ങളില്‍ പലതിന്റെയും തെളിവ് കൈവശമുണ്ട്. വിവരാവകാശ പ്രകാരമുള്ള ആധികാരിക രേഖ ഹാജരാക്കുന്നതിനാണ് കൂടുതല്‍ സമയം ചോദിച്ചതെന്നും ഗണേഷ് വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞും ഓഫീസിലെ മൂന്ന് സ്റ്റാഫും ചേര്‍ന്ന് കോടികളുടെ അഴിമതി നടത്തിയതായി ഗണേഷ് ലോകായുക്തയ്ക്ക് മുന്നില്‍ വെളിപ്പെടുത്തി. നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. സഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ശേഖരിക്കുകയാണ്. സമന്‍സ് കിട്ടിയ അന്നു മുതല്‍ അതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഗണേഷ് ബോധിപ്പിച്ചു.
ഭരണകക്ഷി എംഎല്‍എയായ ഗണേഷ് കുമാര്‍ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിനിടെയാണ് പൊതുമരാമത്ത് വകുപ്പിനെതിരെ ആരോപണമുന്നയിച്ചത്. ഇബ്രാഹിം കുഞ്ഞിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. അബ്ദുള്‍ റാഫി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ. നസിമുദ്ദീന്, അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ് ഐ.എം. അബ്ദുള്‍ റഹ്മാന് എന്നിവരുടെ നേതൃത്വത്തില്‍ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് ദിവസങ്ങളോളം പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: