സിഡ്നി: ക്യാപ്റ്റനായി ചുമതലയേറ്റ പുതിയ നായകന് വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനിറങ്ങും. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളില്‍ രണ്ടെണ്ണം പരാജയപ്പെട്ട് പരമ്പര നഷ്ടപ്പെടുത്തിയ ടീം ഇന്ത്യ ആശ്വാസ ജയം ലക്ഷ്യമിട്ടായിരിക്കും ഇന്ന് തുടങ്ങുന്ന അവസാന ടെസ്റ്റിനിറങ്ങുക. കഴിഞ്ഞ മൂന്നാം ടെസ്റ്റില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചുകയറി സമനില പിടിക്കാന്‍ ടീം ഇന്ത്യക്ക് കഴിഞ്ഞിരുന്നു.
ക്യാപ്റ്റന്‍ ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനെ തുടര്‍ന്നാണ് വിരാട് കോഹ്ലി ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടത്. ധോണിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലും കോഹ്ലിയായിരുന്നു ടീം ഇന്ത്യ നായകന്. ഈ ടെസ്റ്റില്‍ കോഹ്ലിയുടെ നായക മികവ് ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
ധോണിയുടെ അസാന്നിധ്യത്തില്‍ വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയായിരിക്കും ടീമില്‍ ഇടംപിടിക്കുക. അതേസമയം കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ലോകേഷ് രാഹുലിന് പകരം സുരേഷ് റെയ്നയും പേസ് ബൗളര്‍ ഉമേഷ് യാദവിന് പകരം പരിക്കില്‍ നിന്ന് മുക്തിനേടിയ ഭുവനേശ്വര്‍കുമാറും മുഹമ്മദ് ഷാമിക്ക് പകരം വരുണ്‍ ആരോണും ടീമില്‍ ഇടംപിടിച്ചേക്കും. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നെറ്റ്സില്‍ കഠിന പരിശീലനവും നടത്തിയിരുന്നു. എന്നാല്‍ ബാറ്റിംഗ്നിരയാണ് ടീം ഇന്ത്യയെ അലട്ടുന്നത്. മുരളി വിജയ് ഒരു പരിധിവരെ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന് തീര്‍ത്തും പരാജയമാണ്. കഴിഞ്ഞവര്‍ഷം വെല്ലിങ്ടണില്‍ 98 റണ്‍സെടുത്തശേഷം കളിച്ച 13 ടെസ്റ്റുകളില്‍ ഒരു അര്‍ധശതകം മാത്രമാണ് ധവാന് നേടാന്‍ കഴിഞ്ഞത്. വിരാട് കോഹ്ലിയും അജിന്‍ക്യ രഹാനെയുമാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം നടത്തുന്ന ബാറ്റ്സ്മാന്മാര്. ചേതേശ്വര്‍ പൂജാരക്കും അവസരത്തിനൊത്തുയരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ചുറി നേടിക്കഴിഞ്ഞ വിരാട് കോഹ്ലി മറ്റൊരു ബഹുമതിക്കടുത്താണ്. അവസാന ടെസ്റ്റിലും സെഞ്ചുറി നേടാന്‍ കഴിഞ്ഞാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാല് സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിക്ക് അര്‍ഹനാകും ഇന്ത്യന്‍ നായകന്. അതേസമയം ഭുവനേശ്വര്‍കുമാറും വരുണ്‍ ആരോണും വരുന്നതോടെ ഇന്ത്യന്‍ ബൗളിംഗ് നിരയും മെച്ചപ്പെടും.
അതേസമയം ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സന്റെ അഭാവത്തിലാണ് ടീം ഇന്ന് ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിനിറങ്ങുന്നത്. ആദ്യ മൂന്നു ടെസ്റ്റുകളിലും പന്തുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം നടത്തിയ ജോണ്സണ്പേശിവലിവും നീര്‍ക്കെട്ടും കാരണമാണ് അവസാന ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ജോണ്സണ് പകരം സ്റ്റാര്‍ക്കായിരിക്കും ടീമില്‍ ഇടംപിടിക്കുക. റയാന് ഹാരിസും ഹെയ്സല്‍വുഡും നഥാന്‍ ലിയോണും സ്റ്റാര്‍ക്കിന് മികച്ച പിന്തുണ നല്കാനുണ്ടാവും.
ഇന്ത്യയെ അപേക്ഷിച്ച് കരുത്തുറ്റ ബാറ്റിംഗ്നിരയാണ് കംഗാരക്കള്ക്ക് ടെസ്റ്റില്‍ മുന്‍തൂക്കം നല്‍കുന്നത്. മാത്രമല്ല സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന അവസാന 11 ടെസ്റ്റുകളില്‍ പത്തെണ്ണത്തിലും വിജയിക്കാന്‍ കഴിഞ്ഞതും കംഗാരുക്കളുടെ ആത്മവിശ്വാസം കൂട്ടുന്നു. ക്രിസ് റോജേഴ്സ്, വാര്‍ണര്‍, ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര തകര്‍പ്പന്‍ ഫോമിലാണ്. ഒപ്പം ഷോണ്‍ മാര്‍ഷും ജോ ബേണ്‍സും ബ്രാഡ് ഹാഡിനും അവസരത്തിനൊത്തുയരാന്‍ കഴിവുള്ളവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: