മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ റയലിന്റെ അപരാജിത കുതിപ്പിന് ഫുള്‍സ്റ്റോപ്പ്. കഴിഞ്ഞ ദിവസം ദുബായില്‍ എസി മിലാനെതിരെ നടന്ന സൗഹൃദ മത്സരത്തിലേറ്റ പരാജയത്തിന് പിന്നാലെയാണ് ലീഗില്‍ റയലിന്റെ പരാജയം. തുടര്‍ച്ചയായി 22 വിജയങ്ങള്‍ നേടി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചശേഷമാണ് റയലിന് അടിതെറ്റിയത്. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ച് വലന്‍സിയയാണ് റയലിന്റെ വിജയക്കുതിപ്പിന് ഫുള്‍സ്റ്റോപ്പിട്ടത്. മറ്റൊരു മത്സരത്തില്‍ ബാഴ്സയ്ക്കും തിരിച്ചടിയേറ്റു. റയല്‍ സോസിഡാഡാണ് ബാഴ്സയെ 1-0ന് അട്ടിമറിച്ചത്. ജോര്‍ഡി ആല്‍ബയുടെ സെല്‍ഫ് ഗോളാണ് സോസിഡാഡിന് ബാഴ്സക്കുമേല്‍ അട്ടിമറി വിജയം സമ്മാനിച്ചത്. പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ റയല്‍ ഒന്നാമതും ബാഴ്സ രണ്ടാമതുമാണ്.
കളിയുടെ 14-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെ റയല്‍ മുന്നിലെത്തി. വലന്‍സിയ താരം ആല്‍വാരോ നെഗ്രഡോ പന്ത് ബോക്സിനുള്ളില്‍ വച്ച് കൈ കൊണ്ട് തൊട്ടതിന് ഭിച്ച പെനാല്‍റ്റിയാണ് ക്രിസ്റ്റിയാനോ ഇടംകാലന്‍ കിക്കിലൂടെ വലയിലെത്തിച്ചത്. ആദ്യപകുതിയില്‍ റയല്‍ 1-0ന്റെ ലീഡ് നിലനിര്‍ത്തുകയും ചെയ്തു.
റയലിനെ അപേക്ഷിച്ച് രണ്ടാം പകുതിയുടെ തുടക്കത്തില്‍ വലന്‍സിയയാണ് കൂടുതല്‍ മുന്നേറ്റങ്ങള്‍ മെനഞ്ഞത്. 52-ാം മിനിറ്റില്‍ ഇതിന് ഫലം കാണുകയും ചെയ്തു. ജോസെ ഗയ നല്കിയ പാസില്‍ നിന്ന് അന്റോണിയോ ബരാഗന്‍ വലന്‍സിയയുടെ സമനില ഗോള്‍ നേടുകയും ചെയ്തു. 65-ം മിനിറ്റില്‍ ഡാനിയേല്‍ പരേജോ എടുത്ത കോര്‍ണറിനൊടുവില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയുടെ ബുള്ളറ്റ് ഹെഡ്ഡര്‍ റയല്‍ ഗോളി കസിയസിനെയും കീഴടക്കി വലയില്‍ കയറി. ഒരു ഗോളിന് പിന്നിലായതോടെ ആക്രമണം ശക്തമാക്കിയ റയലിന് വേണ്ടി ക്രിസ്റ്റിയാനോയും ബെയ്ലും ഉള്‍പ്പെട്ട താരനിര പലതവണ എതിര് ബോക്സില്‍ പന്തെത്തിച്ചെങ്കിലും സമനില ഗോള്‍ മാത്രം വിട്ടുനിന്നു.
അതേസമയം സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, നെയ്മര്‍ എന്നീ സൂപ്പര്‍താരങ്ങളെ കരയ്ക്കിരുത്തിയാണ് ലീഗില്‍ പതിനഞ്ചാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡിനെതിരെ ബാഴ്സ എവേ പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ ഏകപക്ഷീയമായ ഏക ഗോളിന് പരാജയപ്പെടാനായിരുന്നു അവരുടെ വിധി. വിജയത്തോടെ സോസിഡാഡ് പോയിന്റ് പട്ടികയില്‍ 13-ാം സ്ഥാനത്തേക്ക് മുന്നേറി. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയുടെ പിഴവാണ് ബാഴ്സയ്ക്ക് ദുരന്തം സമ്മാനിച്ചത്. സെര്‍ജിയോ കാനലസ് എടുത്ത കോര്‍ണര്‍ കിക്ക് ഹെഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ആല്‍ബയുടെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിച്ചു. ആദ്യ സെല്‍ഫ് ഗോളിന്റെ ആഘാതത്തില്‍ നിന്ന് ബാഴ്സയെ കരകയറ്റാന്‍ പെഡ്രോയും ഇനിയേസ്റ്റയും സുവാരസും ഉള്‍പ്പെട്ട കറ്റാലന്‍ പട ആദ്യപകുതിയില്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സോസിഡാഡ് പ്രതിരോധം കോട്ടകെട്ട കാത്തു. രണ്ടാം പകുതിയില്‍ മെസ്സിയെയും നെയ്മറെയും കളത്തിലിറക്കി ബാഴ്സ ആഞ്ഞടിച്ചെങ്കിലും കാര്യമായുണ്ടായില്ല. 59-ം മിനിറ്റില്‍ ആന്ദ്രേ ഇനിയേസ്റ്റയുടെ ഷോട്ട് ബാറില്‍ ഇടിച്ച് പുറത്തുപോയത് ബാഴ്സയുടെ സ്വപ്നങ്ങളും തകര്‍ത്തു. തൊട്ടുപിന്നാലെ ബോക്സില്‍ നിന്ന് സാവി തൊടുത്ത ഷോട്ട് ഗോളി അനായാസം തടുത്തതിന് പിന്നാലെ 70-ാം മിനിറ്റില്‍ മെസ്സിയുടെയും 81-ാം മിനിറ്റില്‍ സുവാരസിന്റെയും ശ്രമങ്ങള്‍ ലക്ഷ്യം തെറ്റിയതോടെ ബാഴ്സയുടെ സമനിലയെന്ന സ്വപ്നവും പൊലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: