തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ സുപ്രീം കോടതി ശരിവച്ച തടവുശിക്ഷ റദ്ദാക്കി തട്ടിപ്പുവീരനായ പാസ്റ്റര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ വഴിവിട്ട സഹായം. ആഭ്യന്തരവകുപ്പ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയെ രക്ഷപ്പെടുത്തിയത്. തട്ടിപ്പുവീരനായ പാസ്റ്റര്‍ക്കാണ് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഉപഭോക്താക്കള്‍ക്ക് ചെറുകിട സമ്മാനങ്ങള്‍ നല്‍കാനുള്ള കരാറും സര്‍ക്കാര്‍ നല്‍കിയത്.
മലയിന്‍കീഴ് വിഴവൂര്‍ ചെറുവിള വീട്ടില്‍ ഡേവിഡ് ലാലിയെയാണ് സുപ്രീം കോടതി ശരിവച്ച രണ്ടുവര്‍ഷത്തെ കഠിന തടവ് ഒഴിവാക്കി വെറും ഒരു ലക്ഷം രൂപ പിഴ ചുമത്തി ഉമ്മന്‍ചാണ്ടി രക്ഷപ്പെടുത്തിയത്. 1987 മലയിന്‍കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 1991ല്‍ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പരാതിക്കാരനെ സോഡാക്കുപ്പിക്കൊണ്ടടിച്ച് പല്ലും താടിയെല്ലും തകര്‍ത്തുവെന്നായിരുന്നു കേസ്. രണ്ടു വര്‍ഷം കഠിന തടവും 1000 രൂപയുമാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. ഇതിനിടെ പഞ്ചാബില്‍ ഒളിവില്‍ പോയി. ശിക്ഷയനുഭവിക്കാതെ പല തവണ കീഴടങ്ങുന്നതിന് ഇളവ് വാങ്ങി. ഒടുവില്‍ സുപ്രീം കോടതി കീഴടങ്ങണമെന്ന് ഉത്തരവ് നല്‍കിയതോടെ വീണ്ടും മുങ്ങി. 26 വര്‍ഷം ഇങ്ങനെ മുങ്ങിനിന്ന ശേഷം അസുഖബാധിതനായതിനാല്തന്നെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നു കാട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കുകയായിരുന്നു. ഈ അപേക്ഷ പരിശോധിച്ച ആഭ്യന്തരസെക്രട്ടറിയായിരുന്ന നിവേദിത.പി.ഹരന് ഉള്‍പ്പെടെയുള്ള ഉന്നതര്‍ ശിക്ഷ റദ്ദാക്കരുതെന്നും ഇത് നീതിന്യായ സംവിധാനത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുമെന്നും മുന്നറിയിപ്പ് നല്കി. എന്നിട്ടും 2014 ജൂണ്‍ 6ന് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ പിഴ ചുമത്തി പാസ്റ്ററെ ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇത്തരത്തില്‍ ഒരു പ്രതിയുടെ ശിക്ഷ റദ്ദാക്കണമെങ്കില്‍ മന്ത്രിസഭയുടെ അംഗീകാരം വേണം.
എന്നാല്‍ ഇത് മറികടന്നാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്. മൂന്നു ദിവസങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ ഉത്തരവിറങ്ങുകയും ചെയ്തു. ഈ ഉത്തരവില്‍ ക്രൈം നമ്പര്‍ തെറ്റായതിനാല്‍ കഴിഞ്ഞ മാസം തിരുത്തല്‍ ഉത്തരവിറക്കുകയും ചെയ്തു. എങ്കിലും നാളിതുവരെ ഡേവിഡ് ലാലി പിഴ തുക അടച്ചതുപോലുമില്ല.
വിചിത്രമായ വസ്തുത നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ് പാസ്റ്ററെന്നതാണ്. വിദേശ ഫണ്ടുകള്‍ കൈപ്പറ്റിയതിന് അന്വേഷണം നേരിടുന്ന പാസ്റ്റര്‍ക്കെതിരെ ലുധിയാന കോടിതിയില്‍ അറസ്റ്റുവാറണ്ടുമുണ്ട്. പഞ്ചാബിലെ പ്രമുഖ സൈക്കിള്‍ ഫാക്ടറിയില്‍ 7 ലക്ഷം സൈക്കില്‍ ഓര്‍ഡര്‍ ചെയ്തശേഷം മുന്‍കൂര്‍ കമ്മീഷന് എന്ന പേരില്‍ 10 ലക്ഷം തട്ടിയതിനാണ് അറസ്റ്റ് വാറണ്ട്. എസ്ബിടി കേശവദാസപുരം ബ്രാഞ്ചില്‍ നിന്ന് വാഹനവായ്പ എടുത്ത് ബിഎംഡബ്ല്യു കാര്‍ വാങ്ങി മുങ്ങിയതിനു കേസുണ്ട്. ഹാര്‍വെസ്റ്റ് ചാനല്‍ എംഡിയില്‍ നിന്നും 33ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികൂടിയാണ് ഡേവിഡ് ലാലി.
നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ ഡേവിഡ് ലാലിയെയാണ് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഏല്പിച്ചിരിക്കുന്നത്. ഡേവിഡ് ലാലിയുടെ നേതൃത്വത്തിലുള്ള ഷാരോണ്‍ എന്ന ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട കമ്പനിക്കാണ് ഉപഭോക്താക്കള്‍ക്ക് ചെറുകിട സമ്മാനങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: