രാമനാട്ടുകര(കോഴിക്കോട്): ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സ്കൂള്‍ കലോത്സവം രാമനാട്ടം -2015ന് രാമനാട്ടുകര ഒരുങ്ങുന്നു. രാമനാട്ടുകര നിവേദിത വിദ്യാപീഠമാണ് ജനുവരി ഒന്‍പത്, പത്ത്, പതിനൊന്ന് തിയ്യതികളില്‍ കലാസംഗമത്തിന് വേദിയാകുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന കലാപ്രതിഭകളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പത്ത് വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തെ വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള നാലായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുക. അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന പ്രധാനവേദിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. കലോത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രദര്‍ശിനി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.
രാമനാട്ടത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ജ്യോതിര്‍ഗമയ ഉണര്‍ത്തുപാട്ട് ഇന്നലെ പ്രയാണം തുടങ്ങി. രാമനാട്ടുകര ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കലോത്സവ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.കെ. വേലായുധന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.സി. അശോകന്, എം.വി. ഗോകുല്‍ദാസ്, പി. ജിജേഷ് മാസ്റ്റര്‍, കെ.എസ്. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കനകദാസ് പേരാമ്പ്രയുടെ സംവിധാനത്തില്‍ നിവേദിത കലാക്ഷേത്ര വിദ്യാര്‍ത്ഥികളാണ് നൃത്തസംഗീത ശില്പം അവതരിപ്പിക്കുന്നത്. ഇന്നലെ രാമനാട്ടുകര, ഫറോക്ക്, മണ്ണൂര്‍, ഇടിമൂഴിക്കല്‍ എന്നിവിടങ്ങളില്‍ നൃത്ത സംഗീത ശില്പം അവതരിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം 2.30ന് യൂണിവേഴ്സിറ്റി, വൈകീട്ട് 3.30ന് പുളിക്കല്‍, വൈകീട്ട് 4.30ന് ഐക്കരപ്പടി, 5.30ന് പന്തീരാങ്കാവ് എന്നിവിടങ്ങളില്‍ നൃത്തശില്പം അവതരിപ്പിക്കും.
ജനുവരി ഒന്‍പതിന് വൈകീട്ട് 4.30ന് നടക്കുന്ന കലോത്സവ ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സംസ്ഥാന മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, സംവിധായകന് മേജര്‍ രവി, വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ആര്. രവീന്ദ്രന്‍പിള്ള, സംസ്ഥാന സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ്, സി.കെ. വേലായുധന് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായുള്ള ശോഭായാത്ര എട്ടേനാലില്‍ നിന്നാരംഭിച്ച് നിവേദിതാ വിദ്യാപീഠത്തില്‍ സമാപിക്കും. 11ന് വൈകീട്ട് നാലിന് നടക്കുന്ന സമാപനസഭയില്‍ മന്ത്രി ആര്യാടന് മുഹമ്മദ്, വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ അദ്ധ്യക്ഷന്‍ ഡോ.പി.കെ. മാധവന്, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ്, സംസ്ഥാന കലോത്സവ പ്രമുഖ് പി.കെ. സാബു , ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് എം. മാധവന് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ചെയര്‍മാനും സ്കൂള്‍ പ്രിന്‍സിപ്പാള്‍ സി.കെ. വേലായുധന് ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്കൂള്‍ സമിതി, സ്കൂള്‍ ക്ഷേമസമിതി, മാതൃസമിതി എന്നിവയ്ക്കുപുറമെ പത്തോളം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച ഗ്രാമസമിതികളും കലോത്സവത്തിന്റെ വിജയത്തിനായി കഠിനപ്രയത്നത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: