തിരുവനന്തപുരം: കേരളത്തില്‍ മാവോയിസ്റ്റുകള്‍ ശക്തിപ്പെട്ടത് സര്‍ക്കാരുകളുടെ പിടിപ്പുകേടുമൂലമാണെന്ന് ബിജെപി വക്താവ് വി.വി. രാജേഷ്. ആദിവാസി സമൂഹത്തോട് സര്‍ക്കാരുകള്‍ കാട്ടിയ തുടര്‍ച്ചയായ അവഗണനയാണ് മാവോയിസ്റ്റുകള്‍ക്ക് അവര്‍ക്കിടയില്‍ വേരുറപ്പിക്കാന്‍ സഹായകമായത്.
വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപ ആദിവാസി ക്ഷേമത്തിന്റെ പേരില്‍ വകയിരുത്തുകയും എന്നാല്‍ മുഴുവന്‍ പണവും രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വങ്ങള്‍ക്ക് വീതം വെച്ചുകൊടുക്കുകയുമാണ് കേരളത്തില്‍ നടന്നുവരുന്നത്. ജീവിത നിലവാരത്തില്‍ പിന്നാക്കമായിരുന്ന മറ്റ് സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ കാലാനുസൃതമായി മെച്ചപ്പെട്ടിട്ടും കേരളത്തില്‍ ഇന്നും യാതൊരു മാറ്റവുമില്ല. ഇല്ലായ്മകളുടെ ഇടയില്‍പ്പെട്ട ആദിവാസി മേഖലയിലെ ദയനീയാവസ്ഥ മുതലെടുത്താണ് മാവോയിസ്റ്റുകള്‍ കേരളത്തില്‍ ചുവടുറപ്പിച്ചത്. ഇന്ന് വനമേഖലകള്‍ വിട്ട് പട്ടണങ്ങളില്‍ പോലും സജീവ സാന്നിധ്യമാകാന്‍ അവര്‍ക്ക് കഴിയുന്നത് സര്‍ക്കാരിന്റെ കഴിവുകേടാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ പോലും മാവോയിസ്റ്റുകള്‍ യോഗം ചേര്‍ന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതിയുളവാക്കിയിട്ടുണ്ട്.
മാവോയിസ്റ്റുവേട്ട എന്ന പേരില്‍ കേന്ദ്രഫണ്ട് ആവശ്യപ്പെടുകയും ഇടക്കിടയ്ക്ക് വനമേഖലകളില്‍ പോയി പോലീസ് സംഘം ആകാശത്തേയ്ക്ക് നിറയൊഴിച്ച് വാര്‍ത്തയാക്കുകയും ചെയ്യുന്നതില്‍ അപ്പുറും യാതൊന്നും കേരളത്തില്‍ സംഭവിക്കുന്നില്ല. രമേശ്ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷം മാവോയിസ്റ്റു വേട്ടയെക്കുറിച്ച് നിരന്തരം വാര്‍ത്തകര്‍ വരുന്നതല്ലാതെ അവരുടെ ഉറവിടം കണ്ടെത്താനോ ആരെയെങ്കിലും പിടികൂടാനോ സാധിച്ചിട്ടില്ല. മാവോയിസ്റ്റ് വേട്ടയ്ക്ക് കേന്ദ്രസഹായം ആവശ്യമില്ലെന്ന സര്‍ക്കാര്‍ തീരുമാനം പക്വതയില്ലാത്തതും, കീഴ്വഴക്കങ്ങള്ക്കെതിരുമാണ്. ആന്ധ്ര, തെലുങ്കാന, ഛത്തീസ് ഗഡ് പോലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രഗവണ്‍മെന്റുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കേന്ദ്രസഹകരണം വേണ്ട എന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് സംസ്ഥാന താല്പര്യങ്ങള്ക്കെതിരാണ്.
അടുത്തയാഴ്ച നടത്തുവാന്‍ പോകുന്ന മാവോയിസ്റ്റ് വേട്ടയെക്കുറിച്ച് ഈ ആഴ്ച തന്നെ പത്രസമ്മേളനം നടത്തി വിവരിക്കുന്ന രീതി മാവോയിസ്റ്റുകള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുന്നു. ബുദ്ധിയും സാമര്‍ത്ഥ്യമുള്ള പോലീസ് ഓഫീസര്‍മാരെ നിയമിച്ചും, ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പ്രായോഗികമായി മനസ്സിലാക്കിയും ഉള്ള ഇടപെടല്‍ നടത്തുവാന്‍ ഗവണ്മെന്റ് തയ്യാറാകണമെന്നും വി.വി.രാജേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: