തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയില്‍ നാഷണല്‍ ഗെയിംസിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തിരക്കിട്ടുപൂര്ത്തിയാക്കാന് അധികൃതര്‍ നെട്ടോട്ടമോടുന്നു. ജനുവരി 15നകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്നാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു സര്‍ക്കാര്‍ നല്കിയ ഉറപ്പ്. 15നകം നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുമെന്നു കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനം വിളിച്ചു പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ 15നകം നിര്‍മാണങ്ങള്‍ പൂര്ത്തിയാകില്ലെന്നുറപ്പാണ്. ജനുവരി 15 എന്ന കാലാവധി പാലിക്കാന്‍ കഴിയില്ലെങ്കിലും ഗെയിംസിനു മുന്‍പ് പണികള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരത്തില്‍ തിരക്കിട്ടു പണികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ അവയുടെ ഗുണമേന്മ എത്രകണ്ട് ഉറപ്പുവരുത്താനാകും എന്ന സംശയം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ഗെയിംസുമായി ബന്ധപ്പെട്ട് കോടികള്‍ മുടക്കി പൊതുമരാമത്ത് നിര്‍മ്മിക്കുന്ന റോഡുകള്‍ക്ക് ഗുണനിലവാരമില്ലെന്നും അഴിമതിയുണ്ടെന്നും യുഡിഎഫ് എംഎല്‍എ ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു.
നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വേദികള്‍ മത്സരങ്ങള്‍ നടത്താന്‍ സജ്ജമാണോ എന്ന പരിശോധനയുടെ ഭാഗമായി ട്രയല്‍സ് നടത്താനാകില്ല. പുതിയതായി നിര്‍മിച്ച വേദികളില്‍ നേരിട്ടു ഗെയിംസ് നടത്തുന്നത് അപ്രതീക്ഷിതമായ പല തടസങ്ങള്‍ക്കും കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജനുവരി 16നു നടക്കുന്ന കണ്ടക്റ്റ് കമ്മറ്റി യോഗത്തില്‍ കേരള- ഇന്ത്യന്‍ ഒളിംമ്പിക് അസോസിയേഷനുകളുടെയും അതാതു ഗെയിംസ് ഇനങ്ങളുമായി ബന്ധപ്പെട്ട ഫെഡറേഷനുകളുടെയും ഭാരവാഹികള്‍ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തില്‍ ഗെയിംസുമായി ബന്ധപ്പെട്ട നിര്‍മാണങ്ങളുടെയും ഉപകരണങ്ങളുടെയും നിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. യോഗത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ഗെയിംസ് നടത്താനാകൂ. തിരക്കിട്ടു പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ സ്ഥാപിച്ച വേദികള്‍ക്കു യോഗത്തിന്റെ അനുമതി കിട്ടുമോ എന്നതും ആശങ്കക്കിടവെയ്ക്കുന്നുണ്ട്.
ഗെയിംസ് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള സൂചന അനുസരിച്ച് 85% ജോലികള്‍ മാത്രമാണു പൂര്‍ത്തിയായിട്ടുള്ളത്. 365 കോട്ടേജുകളാണു ഗെയിംസ് വില്ലേജില്‍ നിര്‍മിക്കുന്നത്. വൈദ്യുതി, വാട്ടര്‍ കണക്ഷനുകളുമായി ബന്ധപ്പെട്ട ജോലികള്‍ ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്. വെബ്സൈറ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതായി കാണിച്ചിട്ടുള്ള പല സ്റ്റേഡിയങ്ങളും അപാകതകളും പരിമിതികളും നിറഞ്ഞതാണ് എന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: