തിരുവനന്തപുരം: നാഷണല്‍ ഗെയിംസുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ടെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. തിരുവനന്തപുരത്ത് ഗെയിംസുമായി ബന്ധപ്പെട്ട് നടത്തുന്ന റോഡ് പണികള്‍ക്കായി വകയിരുത്തിയിരിക്കുന്നത് 30 കോടി രൂപയാണ്. റോഡുകളുടെ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ട്.
ഗെയിംസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വേഗത്തില്‍ പണി തീര്‍ക്കാനായി കൂടിയ തുക കരാര്‍ നല്കി റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത്. ഗെയിംസിന്റെ തുകയില്‍ നിന്നാണ് റോഡ് പണിക്ക് തുക വകയിരുത്തിയിരിക്കുന്നത്. തോന്നിയ പോലെയാണ് ഇതിനായി പണം ചെലവഴിക്കുന്നത്. ഇതിന്റെ സുതാര്യത അന്വേഷിക്കണം. ഗെയിംസുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നടത്തുന്ന എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അന്വേഷിക്കമെന്നും ഗണേഷ്കുമാര് ആവശ്യപ്പെട്ടു.
ഗെയിംസില്‍ നിന്ന് പാലോട് രവി എംഎല്‍എ അടക്കം പിന്മാറി. നാഷണല്‍ ഗെയിംസ് നടന്നുകഴിയുമ്പോഴേക്കും അതിലിടപെട്ട നേതാക്കളെല്ലാം അഴിമതിയുടെ പേരില്‍ കളങ്കിതരാവുന്ന അവസ്ഥയാണ്. ഗെയിംസുമായി ബന്ധപ്പെട്ട അഴിമതികള്‍ക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കുണ്ടോ എന്ന ചോദ്യത്തിന് ഗണേഷ്കുമാര് മറുപടി പറഞ്ഞില്ല. എന്നാല്‍ ഗെയിംസുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടക്കാന്‍ പോകുന്നതെന്നും വിവരാവകാശപ്രകാരം രേഖകള്‍ പരിശോധിച്ചാല്‍ അഴിമതിയുടെ ആഴം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ മന്ത്രിയായിരുന്ന സമയത്ത് കേരളത്തില്‍ മാവോയിസ്റ്റ് സാനിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്കുമാറിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. ഇപ്പോള്‍ വയനാട്ടിലും കൊച്ചിയിലും പാലക്കാടും മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി. അഴിമതികള്‍ ചൂണ്ടികാട്ടിയപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചു. പൊതുമരാമത്ത് വകുപ്പിലെ അഴിമതി ചൂണ്ടിക്കാട്ടി കത്തയച്ചിട്ടും നടപടി എടുത്തില്ല. തന്നോട് അന്വേഷിച്ചില്ല. ഇക്കാര്യം ആരോപിച്ചപ്പോല് കത്ത് കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ കത്ത് നല്‍കിയത് വാര്‍ത്തയാക്കിയപ്പോള്‍ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് മറുപടി നല്‍കിയതെന്നും ഗണേഷ്കുമാര് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: