തിരുവനന്തപുരം: ദേശീയ ഗെയിംസിന് ഇനി 26 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഗെയിംസ്് നടത്തിപ്പിന്റെ ഒരുക്കങ്ങളില്‍ സര്‍ക്കാരിന് കാലിടറുന്നു. പ്രതിപക്ഷത്തിനു പുറമെ ഭരണകക്ഷി എംഎല്‍എമാരും ആക്ഷേപങ്ങളുമായി മുന്നോട്ടു വന്നതിനു തൊട്ടുപുറകെ സര്‍ക്കാരിനു പുറമെ ദേശീയ ഗെയിംസിന്റെ മുഖ്യ സംഘാടകരായ ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനും, കേരള ഒളിംപിക്സ് അസോസിയേഷനും വിവാദങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി.
ഈമാസം 15ന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ ആശങ്കയുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. എംഎല്‍എമാരായ പാലോട് രവിയും ഗണേഷ് കുമാറും ഗെയിംസ് നടത്തിപ്പിനെതിരെ രംഗത്തു വന്നതിന് തൊട്ടുപിന്നാലെ ആക്ഷേപങ്ങള്‍ ദൂരീകരിക്കാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ. മുരളീധരന് എംഎല്‍എയും രംഗത്തെത്തി.
വിഷയം ചൊവ്വാഴ്ച ചേരുന്ന സര്‍ക്കാര്‍ കെപിസിസി ഏകോപനസമിതിയില്‍ ചര്‍ച്ചയ്ക്കെടുക്കാനും ധാരണയായി. ഇതിനിടെ തിരുവനന്തപുരത്തെ ഗെയിംസ് വില്ലേജ് പണി പൂര്‍ത്തിയാക്കി 20നകം കൈമാറാനാവില്ലെന്ന് വ്യക്തമായി. അക്വാട്ടിക് മത്സരങ്ങള്‍ക്കായി 14 കോടി മുടക്കി ഒരുങ്ങുന്ന പിരപ്പന്‍കോട് നീന്തല്‍ കുളത്തിന്റെ നിര്‍മ്മാണത്തിലും ഗുരുതരമായ അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്.
ജനുവരി 15ന് മുമ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്ന ഉറപ്പാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് നല്‍കിയിരുന്നത്. എന്നാല്‍ ഏഴ് ജില്ലകളിലെ 31 വേദികളില്‍ പണി പൂര്‍ത്തിയായിട്ടില്ല. പ്രധാനവേദിയായ കാര്യവട്ടം സ്റ്റേഡിയത്തിന്റെ പണിയോ കായികതാരങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കേണ്ട മേനംകുളത്തെ ഗെയിംസ് വില്ലേജിന്റെ പണിയോ പൂര്‍ത്തിയായിട്ടില്ല. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കുകളും മറ്റും നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന സാധനങ്ങള്‍ എല്ലാം കാലാവധി കഴിഞ്ഞവയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കാലാവധി കഴിഞ്ഞ സാധനങ്ങളുപയോഗിച്ചുള്ള ട്രാക്ക് നിര്‍മ്മാണം ട്രാക്കിന്റെ ഗുണനിലവാരത്തെ കാര്യമായി ബാധിക്കും.
ഗെയിംസ് വില്ലേജിലെ കായികതാരങ്ങള്‍ക്കുള്ള ഫ്രീ ഫാബ്രിക്കേറ്റഡ് ടെക്നോളജി ഉപയോഗിച്ചുള്ള വീടുകള്‍ പൂര്‍ത്തിയായെങ്കിലും അനുബന്ധ സൗകര്യങ്ങള്‍ യാതൊന്നും പൂര്‍ത്തീകരിച്ചിട്ടില്ല. സ്വീവേജ് പ്ലാന്റ്, വൈദ്യുതി വെള്ളം, ലാന്‍ഡ് സ്കേപ്പിംഗ്, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഇവയൊന്നും 20നകം പൂര്‍ത്തിയാക്കാനാവില്ല. 20ന് കരാറുകാരന് വില്ലേജ് ഗെയിംസ് അധികൃതര്‍ക്ക് കൈമാറണമെന്നാണ് ധാരണ.
ഗെയിംസ് അധികൃതര്‍ പൂര്‍ണ്ണ സജ്ജമാക്കി വില്ലേജ് കൈമാറിയാല്‍ മാത്രമേ ഇവിടത്തെ സുരക്ഷയ്ക്കുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ കേരള പോലീസിനാവൂ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും മറ്റും ദേശീയ ഗെയിംസില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍ സുരക്ഷയ്ക്കാവശ്യമായ സംവിധാനങ്ങള്‍ സ്ഥാപിക്കണമെങ്കില്‍ വില്ലേജ് പൂര്‍ണ്ണമായും കരാറുകാരനില്‍ നിന്നും വിട്ടുകിട്ടണം.
14കോടി മുടക്കി നിര്‍മ്മിക്കുന്ന പിരപ്പന്‍കോട് നീന്തല്‍കുളത്തിന്റെ പ്രവേശന കവാടം പോലുമായിട്ടില്ല. 700 കായികതാരങ്ങളും 120 ഒഫീഷ്യല്‍സും എത്തുന്ന ഇവിടെ ഡൈവിംഗ് പൂള്, സ്വിമ്മിംഗ് പൂള്, വാം അപ്പ് പൂള് എന്നിവയാണ് പ്രധാനമായും ഒരുക്കുന്നത്. ഇതില്‍ 25ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുന്ന ഡൈവിംഗ്പൂള് ആറുമാസമായി ചോരുകയാണ്. ഇതിനൊരു പ്രതിവിധിയും കണ്ടെത്തിയിട്ടില്ല. ദിവസവും കുഴല്‍ കിണര്‍ വഴി വെള്ളം പമ്പ് ചെയ്ത് നിറയ്ക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള പമ്പിംഗ് ദേശീയ മത്സരങ്ങളില്‍ പൂളിലുപയോഗിക്കേണ്ട വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് തിരിച്ചടിയാവും.
നീന്തല്‍ കുളത്തിന്റെ പവിലിയനുകള്‍ ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. പാര്‍ക്കിംഗ് ഏര്യക്കും നിശ്ചയിച്ച അഞ്ചടി താഴ്ചയുള്ള സ്ഥലത്തേക്ക് വാഹനങ്ങള്‍ എത്താന്‍പോലും സംവിധാനമൊരുക്കിയിട്ടില്ല. ഫുഡ് കോര്‍ട്ടുകള്‍, വിശ്രമ മുറികള്‍, ടോയ്ലറ്റുകള് എന്നിവയുടെ പണി പൂര്‍ത്തിയായിട്ടില്ല. സ്ഥിരമായി ഫഌഡ്ലൈറ്റുകള്‍ ഒരുക്കുമെന്നവകാശപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിരമായി ഫഌഡ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ വേണ്ടി വരുന്നതിനേക്കാള്‍ കൂടിയ തുകയ്ക്കാണ് താല്‍ക്കാലികമായി ഫഌഡ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
ഗെയിംസിന്റെ മറവില്‍ കോടികളുടെ ധൂര്‍ത്താണെന്ന് വ്യക്തമാണ്. ദേശീയ ഗെയിംസിന്റെ മറവില്‍ കൂട്ടയോട്ട സംഘാടനത്തിനായി മനോരമയുടെ ഇവന്റ് മാനേജുമെന്റ് ടീമിന് 10 കോടി രൂപ നല്‍കിയതിനു പുറമെ, ദേശീയഗെയിംസിന്റെ സമാപന ചടങ്ങിനു വേണ്ടിയുള്ള കലാപരിപാടികള്‍ക്കു മാത്രം മാറ്റിവച്ചിരിക്കുന്നത് 15.5 കോടി രൂപയാണ്.
കഴിഞ്ഞ ദിവസം നടന്ന ദേശീയ ഗെയിംസിന്റെ കൗണ്ട് ഡൗണ്‍ പരിപാടിക്ക് 10 മിനിട്ട് നൃത്തത്തിനു നല്‍കിയത് മൂന്നുലക്ഷം രൂപയാണ്. ഇത് കാണാനെത്തിയവര്‍ വെറും 50 പേരും
ഇതിനിടെ 15ന് ചേരുന്ന ദേശീയ ഗെയിംസ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ഒളിമ്പിക് അസോസിയേഷനുകള്‍ തങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കും.
15,16 തീയതികളില്‍ ഗെയിംസിന്റെ സാങ്കേതിക നടത്തിപ്പുകമ്മിറ്റിയുടെ യോഗവും ചേരും. 32 മത്സര ഇനങ്ങളുടെയും ഫെഡറേഷന് ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗത്തിലാണ് സ്റ്റേഡിയങ്ങളുടെയും ഉപകരണങ്ങളുടെയും ക്ഷമതയ്ക്കും യോഗ്യതയ്ക്കും അംഗീകാരം നല്‍കേണ്ടത്. എന്നാല്‍ ഈ ദിവസങ്ങളില്‍ വ്യക്തമായ ഒരു ധാരണ നല്കാന് പോലും സര്‍ക്കാരിനാവില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
വിവാദങ്ങള്‍ ഒഴിവാക്കാന്‍ മറ്റു രാഷ്ട്രീയ കക്ഷികളെ ഉള്‍പ്പെടുത്തി യോഗം വിളിക്കണമെന്ന് ഭരണകക്ഷി എംഎല്‍എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടും പിടിപ്പുകേടും നാടിന് അപമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. അഴിമതി ആക്ഷേപങ്ങളെ പറ്റി സമഗ്ര അന്വേഷണം വേണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു. ജനപ്രതിനിധികളെ കമ്മിറ്റികളില്‍ മാത്രമിരുത്തി ദേശീയ ഗെയിംസ് ഉദ്യോഗസ്ഥ പ്രമുഖന്മാരുടെ മേളയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് വി. ശിവന്‍കുട്ടി എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: