തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്തിലെ പത്മതീര്‍ത്ഥക്കുളം ശുചീകരിക്കുന്നതിലൂടെ ക്ഷേത്രഭരണസമിതിയും എക്സിക്യൂട്ടീവ് ഓഫീസറും ഒത്തുകളിക്കുന്നതായി ആക്ഷേപം. ആന്ധ്രയിലെ ഒരു പ്രമുഖ വ്യവസായി തിരുപ്പതിക്ഷേത്രം നവീകരിച്ച രീതിയില്‍ ഒന്നരക്കോടി രൂപ ചെലവില്‍ സൗജന്യമായി ശുചീകരിക്കാം എന്ന് വാഗ്ദാനം ചെയ്തിട്ടും പത്തുകോടി രൂപയ്ക്ക് കരാര്‍ നല്‍കിയതിലൂടെ വന്‍ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്ന് ഭക്തജനസംഘം ആരോപിച്ചു. ശ്രീപത്മനാഭക്ഷേത്രചടങ്ങുകള്ക്കായി ഉപയോഗിക്കുന്ന നമ്പിക്കുളം ഇപ്പോള്‍ സൗജന്യമായി നവീകരിച്ചുകൊണ്ടിരിക്കുകയാണ്.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ കാലാകാലങ്ങളായുള്ള ആചാരങ്ങളും അനുഷഠാനങ്ങളും തകിടം മറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന ആരോപണവുമുണ്ട്. എന്ത് അഭിപ്രായം പറഞ്ഞാലും ഗുരുവായൂര്‍ മോഡല്‍ പരിഷ്കാരം എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ്. കുളത്തിലെ വെള്ളം വറ്റിക്കുന്നതിനു മാത്രമായി അഞ്ചര ലക്ഷം രൂപയാണ് ചെലവാക്കിയത്. ചെളി കോരുന്നതിനുള്ള കരാര്‍ 8 ലക്ഷത്തിന് നല്‍കിയിരിക്കുകയാണ്.
എക്സിക്യൂട്ടീവ് ഓഫീസര്‍ മുന്‍ ജില്ലാ കളക്ടറായിരിക്കെ ക്ഷേത്രപരിസരത്ത് അനധികൃതമായി സ്ഥാപിച്ച കട പൊളിച്ചു മാറ്റാന്‍ അന്നത്തെ ക്ഷേത്ര എക്സിക്യൂട്ടീവ് തീരുമാനിച്ചപ്പോള്‍ അതിനെതിരെ സ്റ്റേ ഓര്‍ഡര്‍ കൊടുത്തിരുന്നു. ആ വ്യക്തിക്കാണ് ഇപ്പോള്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ ജോലി നല്‍കിയിരിക്കുന്നത്. മുന്‍പ് ശ്രീപത്മനാഭസ്വാമിയുടെ ചിത്രം വില്‍ക്കുന്നതിന് ടെന്‍ഡര്‍ കൊടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്ഷേത്രം നേരിട്ടാണ് ചിത്രം വിതരണം ചെയ്യുന്നത്. ഇതില്‍ ഒരാള്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ ബന്ധുവാണെന്നത് വിരോധാഭാസം തന്നെ.
ക്ഷേത്രഭരണസമിതിയായി അഞ്ചംഗ സമിതിയെ നിയമിച്ചിട്ടുണ്ടെങ്കിലും എക്സിക്യൂട്ടീവ് ഓഫീസറുടെ തീരുമാനങ്ങള്‍ കമ്മറ്റി അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അഞ്ചംഗ ഭരണസമിതിയില്‍ നമ്പിമാരുടെയും തന്ത്രിമാരുടെയും പ്രതിനിധികള്‍ ഉണ്ടെങ്കിലും അവരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കാറില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരിക്കേണ്ട നമ്പിക്കുളം( മിത്രാനന്ദപുരം കുളം) ശുചീകരിക്കുന്നതിനേക്കാള് പ്രധാന്യം പത്മതീര്‍ത്ഥക്കുളത്തിന് നല്‍കുന്നത് എന്തിനെന്ന് തന്ത്രിമാര്‍ ചോദിക്കുന്നു.
വിഐപികള്‍ക്കും ഭരണാധികാരികള്‍ക്കും മാത്രമായി അര്‍ച്ചന പ്രസാദവിതരണം പരിമിതപ്പെടുത്തിയതിലും ഭക്തജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്. ശബരിമല സീസണ് പ്രമാണിച്ചാണ് ഈ പരിഷ്കാരം വരുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും ഈ രീതി തുടരാനാണ് നീക്കം.
പുതിയ ഭരണസമിതി താത്ക്കാലിക ജീവനക്കാരെ നിയമിച്ചതിനു പിന്നിലും പ്രത്യേക താത്പര്യം ഉണ്ട്. പുതിയ ജീവനക്കാരില്‍ 90 ശതമാനവും സിഐടിയുക്കാരാണ്. ഇവരെ ഭാവിയില്‍ സ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം. രാജകുടുംബത്തെ മാറ്റി നര്ത്തിയതോടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. കീപ്പിംഗ് സെന്റര്‍ നോക്കുന്ന ജീവനക്കാരന് മുന്‍പ് ടെന്‍ഡര്‍ പിടിച്ച പണം അടയ്ക്കാതിരുന്ന വ്യക്തിയാണ്.
തന്ത്രിമാര്‍ക്കും നമ്പിമാര്‍ക്കും അഭിപ്രായം പറയാന്‍ അവസരം നല്‍കാറില്ല. ഭരണവും മറ്റും ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന് നിലപാടാണ് ഭരണസമിതിക്ക്. അര്‍ച്ചന ചെയ്യാതെ അര്‍ച്ചനയുടെ പേരില്‍ പ്രസാദവും മറ്റും വിതരണം ചെയ്യുന്നത് ഭക്തജനങ്ങളോടു കാണിക്കുന്ന വഞ്ചനയാണ്. തിരക്കു വര്‍ദ്ധിച്ചിട്ടും ഭക്തജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഇങ്ങനെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍മ്മചാരി സംഘം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് പരിതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: