തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വട്ടം കറങ്ങുന്നതിനിടെ മാനദണ്ഡങ്ങള്‍ മറികടന്ന് ഒരുവിഭാഗം ജീവനക്കാര്‍ക്ക് സ്ഥാന ക്കയറ്റം.
ക്ഷേത്രജീവനക്കാരായ 19 പേര്‍ക്കാണ് കൗണ്ടര്‍ സ്റ്റാഫായി കഴിഞ്ഞ ദിവസം ഉത്തരവ് നല്‍കിയത്. ഇടത്-വലത് യൂണിയന് നേതാക്കളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചും അവരുടെ വേണ്ടപ്പെട്ടവര്‍ക്കുമാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉത്തരവിനെതിരെ കോടതിയെ സമീപിക്കാതിരിക്കാന്‍ മൂന്നു ദിവസം അവധി വരുന്നത് മുന്‍കൂട്ടി കണ്ട് വ്യാഴാഴ്ച്ചയാണ് ഉത്തരവ് നല്‍കിയത്.
വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരെ ഒഴിവാക്കിയാണ് സ്ഥാനക്കയറ്റം നല്‍കിയത്. ക്ഷേത്രജിവനക്കാരുടെ തസ്തികയിലേക്ക് ഭരണസമിതിക്ക് താത്പര്യമുള്ളവരെ താത്ക്കാലിക ജിവനക്കാരായി നിയമിച്ചതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ 109 ജിവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെ ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറയുന്ന ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് സ്ഥാനക്കയറ്റം നല്‍കിയതെന്ന ചോദ്യമാണ് ഉന്നയിച്ചിരുന്നത്. 400ലേറെ ക്ഷേത്രങ്ങള്‍ ഉള്ള ബോര്‍ഡിന്റെ കീഴില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നിരവധി പേരെയാണ് അനധികൃതമായി നിയമിച്ചത്.
കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ നിലവില്‍ കടുത്ത ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നത്. കൂടിയാലോചനകള്‍ ഇല്ലാതെയാണ് സ്ഥാനക്കയറ്റവും നിയമനങ്ങളും നടക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുന്നു മാസത്തെ അവധികഴിഞ്ഞ് ഒന്നാം തിയതിയാണ് ദേവസ്വം സെക്രട്ടറി ചാര്‍ജ്ജെടുത്തത്. വ്യക്തിപരമായ ആവശ്യത്തിനാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് വിശദീകരണമെങ്കിലും പുതിയ ഭരണസമിതി വന്നതോടെ തികഞ്ഞ അവഗണനയാണ് സെക്രട്ടറിയോട് കാണിക്കുന്നതെന്ന ആരോപണം ജിവനക്കാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
മുതിര്‍ന്ന പല ഉദ്യോഗസ്ഥരും സ്വമേധയ വിരമിക്കല്‍ വാങ്ങി ബോര്‍ഡിനോട് വിടപറയാന്‍ ഒരുങ്ങുകയാണെന്നും അറിയുന്നു. തിരുവില്വാമല പുനര്‍ജ്ജനി നൂഴല്‍ ചടങ്ങിനെത്തിയ ഫിനാന്‍സ് ഓഫീസര്‍ കുഴഞ്ഞ് വീണ് മരിച്ചതിന് ശേഷം ഈ തസ്തികയില്‍ പകരം ആളെ നിയമിച്ചിട്ടില്ല.
കോണ്‍ഗ്രസ് ഭരണസമിതി നിലവില്‍ വന്നതിന് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ സഹായങ്ങള്‍ ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും ആരോപണം ഉണ്ട്. പല ക്ഷേത്രങ്ങളിലും ഉപദേശക സമിതികളും നിര്‍ജ്ജീവമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ബോര്‍ഡിനെ രക്ഷിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടാകുന്നില്ലെന്നും പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: