ഗുരുവായൂര്‍: ഭക്തജനങ്ങളുടെ കടുത്ത പ്രതിഷേധത്തിന് വഴങ്ങി തിങ്കളാഴ്ച നടക്കുന്ന പിള്ളേര് താലപ്പൊലിയുമായി സഹകരിക്കുവാന്‍ ദേവസ്വം അടിയന്തര ഭരണസമിതി യോഗം തീരുമാനിച്ചു. താലപ്പൊലി ആഘോഷദിവസം ഭഗവതിക്കു ചാര്‍ത്തുന്നതിനുള്ള തിരുവാഭരണം, കലാപരിപാടികള്‍ക്ക് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം, എഴുന്നള്ളിപ്പിന് ആനകള്‍ തുടങ്ങിയവ നല്‍കേണ്ടതില്ലെന്നായിരുന്നു നേരത്തെ ദേവസ്വം തീരുമാനിച്ചിരുന്നത്.
ഇതിനെതിരെ പ്രതിഷേധം വ്യാപകമായതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ഭരണസമിതി അടിയന്തിര യോഗം ചേര്‍ന്ന് താലപ്പൊലി ആഘോഷവുമായി പൂര്‍ണ്ണമായും സഹകരിക്കുന്നതിനും മുന്‍കാലങ്ങളില്‍ ദേവസ്വം നല്കിയിരുന്നതുപോലുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കാനും തീരുമാനിക്കുകയായിരുന്നു.
പുരാതനകാലം മുതല്‍ നാട്ടുകാരുടെ സഹകരണത്തോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ദേവിക്ക് നടത്തിവരുന്നതാണ് പിള്ളേര് താലപ്പൊലി. ഈ ആഘോഷം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ദേവസ്വം താലപ്പൊലി ആഘോഷിക്കുന്നത്. മുന്‍കാലങ്ങളില്‍ ദേവസ്വം ചടങ്ങ് മാത്രമായാണ് നടത്തിയിരുന്നത്.
പിള്ളേര് താലപ്പൊലിയിലേക്കായിരുന്നു ദേവസ്വത്തിന്റെ പൂര്‍ണ്ണ സഹകരണവും. കഴിഞ്ഞവര്‍ഷം വരെ ഈ സഹകരണം നല്‍കിയിരുന്നതാണ്. ഈ വര്‍ഷം ഭരണസമിതിയിലെ ഏതാനും ചില മെമ്പര്‍മാരുടെ പിടിവാശിയാണ് താലപ്പൊലി വിവാദമാകാന്‍ ഇടയായത്. കോണ്‍ഗ്രസ് യൂണിയനും, ദേവസ്വം കാര്‍മിക് സംഘവും ദേവസ്വം തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: