മുളംകുന്നത്ത്കാവ്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹത്തോട് ജീവനക്കാരുടെ അവഗണന. മൃതദേഹം നാലു മണിക്കൂറോളം രോഗികളുടെ സമീപം കിടത്തിയാണ് ജീവനക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയത്. ഒടുവില്‍ ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. നവംബര്‍ 11ന് തൃശൂര്‍ പ്രദക്ഷിണ വഴിയില്‍ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പെരുംമ്പിള്ളിശ്ശേരി പാലക്കല്‍ ഉണ്ണികൃഷ്ണന് (69) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സര്‍ജറി വിഭാഗം നാലാം വാര്‍ഡില്‍ കഴിഞ്ഞിരുന്ന ഉണ്ണികൃഷ്ണ്‍ മരിച്ചത്.
എന്നാല്‍ നിസാരകാര്യങ്ങള്‍ ഉയര്‍ത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുവാനോ ബന്ധുക്കള്‍ക്ക് വിട്ടു നല്കുവാനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഡ്യുട്ടി ഡോക്ടര്‍ സ്ഥലത്ത് ഇല്ലെന്ന് പറഞ്ഞാണ് മൃതദേഹം വിട്ടു കൊടുക്കാതിരുന്നത്. ഡോക്ടര്‍ മരണം സ്ഥിരീകരിച്ച സാക്ഷ്യ പത്രം നല്കിയാല് മാത്രമേ മൃതദേഹം നല്‍കുകയുള്ളുവെന്ന പിടിവാശിയിലായിരുന്നു ആശുപത്രി ജീവനക്കാര്‍.
എന്നാല്‍ ബന്ധുക്കള്‍ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഓപ്പറേഷന് തീയറ്ററിലാണെന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ബഹളം വെക്കുകയായിരുന്നു. വാര്‍ഡിലെ കിടപ്പ് രോഗികളും അവരുടെ ഒപ്പമുള്ളവരും രംഗത്ത് വന്നതോടെ ഓപ്പറേഷന് തീയറ്റില്‍ നിന്ന് ഡോക്ടര്‍ വന്ന് സാക്ഷ്യ പത്രം നല്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: