ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫുട്ബോള്‍ ലീഗായ എംഎല്‍എസ് (മേജര്‍ സോക്കര്‍ ലീഗ്) കളിക്കമ്പക്കാരുടെ കണ്ണിലുണ്ണിയൊന്നുമല്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനോ സ്പാനിഷ് ലീഗിനോ ഇറ്റാലിയന്‍ സീരി എയ്ക്കോ ലഭിക്കുന്ന പ്രധാന്യം ഒരിക്കലും അതിനു ലഭിച്ചിട്ടില്ല. എന്നാല്‍ ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളുടെ ഇഷ്ട ഇടമാണ് എംഎല്‍എസ്. അത്തരത്തില്‍ ചില താരങ്ങളുടെ വരവ് അമേരിക്കന്‍ ലീഗിനു സമ്മാനിച്ച ആരാധക ശ്രദ്ധ ചില്ലറയല്ല.ഇപ്പോഴിതാ ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ സ്റ്റീവന്‍ ജെറാഡുമായി ബന്ധപ്പെടുത്തി മേജര്‍ സോക്കര്‍ ലീഗ് വീണ്ടും വാര്‍ത്തകളിലെത്തുന്നു.
25 വര്‍ഷം അണിഞ്ഞ ലിവര്‍പൂളിന്റെ കുപ്പായം ഊരാന്‍ തീരുമാനിച്ച ജെറാഡ് എംഎല്‍എസ് ടീമുകളിലൊന്നിനുവേണ്ടി കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ലോസ് ആഞ്ചലസ് ഗ്യാലക്സി ജെറാഡിനായി ചരടുവലി ആരംഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമും ഫ്രഞ്ച് പ്രതിഭ തിയറി ഹെന്ട്രിയുമൊക്കെ തുടങ്ങിവച്ചതാണ് മേജര്‍ സോക്കര്‍ ലീഗിലേക്കുള്ള ചേക്കേറല്‍. യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളില്‍ മാറ്ററിയിച്ച പല പ്രമുഖരും പിന്നീട് ആ പാത പിന്തുടര്ന്നു. റോബി കീന്‍, കാക, ജെര്മെന് ഡിഫോയെ, ക്ലിന് ഡെംപ്സി എന്നിവരെല്ലാം അതിലുള്‍പ്പെടും. യൂറോപ്പില്‍ ഏറെക്കാലം പന്തുതട്ടിയ സൂപ്പര്‍ താരങ്ങള്‍ അവരുടെ കരിയറിന്റെ സായാഹ്നത്തിലാണ് എംഎല്‍എസിനെ തേടിച്ചെല്ലാറ്.
അമേരിക്കന്‍ ലീഗിലെ മികച്ച പ്രതിഫല വാഗ്ദാനമാണതിന് പ്രധാനകാരണം. കരിയറിന്റെ അന്ത്യത്തില്‍ മോശമല്ലാത്ത ശമ്പളം കിട്ടിയാല്‍ ആരും കൈവിടില്ലല്ലോ.മികച്ച നേട്ടങ്ങള്‍ കൊയ്ത സാഹചര്യത്തില്‍ അമേരിക്കയിലെയും ആസ്ട്രേലിയയിലെയും പുതിയ കാണികള്‍ക്കു മുന്നില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്നതു മറ്റൊരു നേട്ടം.
കഴിഞ്ഞ സീസണില്‍ ഫ്രാങ്ക് ലംപാര്‍ഡ് ന്യൂയോര്‍ക്ക് സിറ്റി എഫ്സിയില്‍ ചേര്‍ന്നിരുന്നു. ലോണ്‍ അടിസ്ഥാനത്തില്‍ പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ ലംപാര്‍ഡ് വായ്പാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അമേരിക്കന്‍ ആരാധകര്‍ ചില്ലറയല്ല രോഷംകൊണ്ടത്.
ബ്രസീലിയന്‍ ജീനിയസ് കാക പോയവര്‍ഷം എംഎല്‍എസില്‍ ചേര്‍ന്ന മറ്റൊരു താരം. ഒര്‍ലാന്റോ സിറ്റിയുമായി കരാറിലെത്തിയ കാക ടീമിനുവേണ്ടി ഒരു മത്സരംപോലു കളിച്ചിട്ടില്ല. സാവോപോളോയുടെ ലോണ്‍ താരമാണ് കാകയിപ്പോള്. ലംപാര്‍ഡിനൊപ്പം ന്യൂയോര്‍ക്ക് സിറ്റി സ്വന്തമാക്കിയ മുന്‍ ബാഴ്സലോണ സ്ട്രൈക്കര്‍ ഡേവിഡ് വിയയും ലോണിനു നല്കപ്പെട്ടു, ടീം മെല്‍ബണ്‍ സിറ്റി. അതേസമയം, ബാഴ്സയുടെ മിഡ്ഫീല്‍ഡ് ജനറല്‍ സാവി മേജര്‍ സോക്കര്‍ ലീഗില്‍ കൂടുതേടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: