ആലപ്പുഴ: ജില്ലാ സമ്മേളനത്തോടെ സിപിഎമ്മില്‍ വിഭാഗീയത മൂര്‍ച്ഛിച്ചു. പാര്‍ട്ടി തന്നെ വിശേഷിപ്പിക്കുന്ന ഏകപക്ഷീയ താത്പര്യ സംരക്ഷണമാണു ജില്ലയിലെ സിപിഎമ്മിനുള്ളില്‍ നടന്നത്. ജി. സുധാകരന്റെ പടയോട്ടത്തിനിടെ വിഎസ്-ഐസക് പക്ഷം നിലംപരിശായി. സംസ്ഥാന സെക്രട്ടറിക്ക് പോലും തോല്‍വി സമ്മതിക്കേണ്ടി വന്നു. സംസ്ഥാന സമ്മേളനം വരെ പരാജയപ്പെട്ടവര്‍ തത്ക്കാലം അടങ്ങിനിന്നാലും അതിനുശേഷം വന്‍ പൊട്ടിത്തെറിക്കാണു സാദ്ധ്യതയുള്ളത്. കൃത്യമായ ആസൂത്രണത്തോടെയാണു സുധാകരപക്ഷം സമ്മേളനത്തില്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചത്. ജില്ലാ സമ്മേളനത്തിനു ഏതാനും ദിവസം മുമ്പു നടന്ന ജില്ലാ കമ്മറ്റിയില്‍ തന്നെ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നു സുധാകര പക്ഷം വ്യക്തമാക്കിയിരുന്നു.
അന്നുതന്നെ ചന്ദ്രബാബു രാജി ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പിണറായി വിജയന്റെ പിന്തുണയോടെ തന്റെ വിശ്വസ്തനെ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്താമെന്ന തോമസ് ഐസക്കിന്റെ പ്രതീക്ഷയും സുധാകര പക്ഷം തകര്‍ത്തെറിഞ്ഞു. സുധാകരനുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന സജി ചെറിയാനായിരിക്കും ജില്ലാ സെക്രട്ടറിയെന്ന് ഏതാണ്ടു ഉറപ്പിച്ചായിരുന്നു സമ്മേളനം തുടങ്ങിയതു തന്നെ.
പിണറായി വിജയന്റെ എതിര്‍പ്പ് മാത്രമായിരുന്നു പ്രശ്നം. ഒടുവില്‍ പിണറായിയെയും മറികടന്നു സുധാകരന് ലക്ഷ്യം കണ്ടു. എക്കാലവും സുധാകരന്റെ വിശ്വസ്തനായിരുന്നു സജി ചെറിയാന്. കഞ്ഞിക്കുഴിയില്‍ വിമത പ്രശ്നത്തെ തുടര്‍ന്ന് ഏരിയ കമ്മറ്റി പിടിച്ചെടുത്തപ്പോള്‍ ഏരിയ സെക്രട്ടറിയായി നിയോഗിച്ചത് സജി ചെറിയാനെയായിരുന്നു. പിന്നീട് ചന്ദ്രബാബു ലോക്സഭാ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ആക്ടിങ് സെക്രട്ടറിയുടെ ചുമതല നല്കിയതും സജിക്കായിരുന്നു.
സുധാകരന്റെ മറ്റൊരു വിശ്വസ്തനായ ആര്. നാസറാണ് സിഐടിയു ജില്ലാ സെക്രട്ടറി. ഇതോടെ സമഗ്രാധിപത്യമാണ് സുധാകരന് ജില്ലയിലുള്ളത്. പതിറ്റാണ്ടുകളായി സുധാകരന് നിലയുറപ്പിക്കുന്ന പക്ഷം മാത്രമാണു ജില്ലയില്‍ ആധിപത്യം നേടാറുള്ളത്. നേരത്തെ വിഎസ് പക്ഷത്തെ കൂട്ടുപിടിച്ച് ഏകപക്ഷീയമായി വെട്ടിനിരത്തല്‍ നടത്തി ജില്ലാ സെക്രട്ടറിയായ സുധാകരനെ പുറത്താക്കി എം.എ. ബേബിയെ സെക്രട്ടറിയായി പിണറായി വിജയന് നിശ്ചയിച്ച ചരിത്രവുമുണ്ട്. ഇതിനുള്ള മധുര പ്രതികാരം കൂടിയായി മാറി പിണറായിയെ പോലും നോക്കുകുത്തിയാക്കിയുള്ള സുധാകര പക്ഷത്തിന്റെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: