അഴീക്കല്‍: സ്നേഹപൂര്‍ണമായ ഒരു വാക്കും കാരുണ്യത്തോടെയുള്ള ഒരു നോട്ടവും ആരുടെയും ജീവിതം പ്രകാശപൂര്ണമാക്കുമെന്ന് മാതാ അമൃതാനന്ദമയീദേവി. ദുഃഖിതര്‍ക്ക് ആശ്വാസമേകുവാന്‍ പദവിയുടെയോ പണത്തിന്റെയോ ഒന്നും ആവശ്യമില്ല. നമ്മെ വളര്‍ത്തിയും പരിപാലിച്ചും ഈ സ്ഥിതിയിലെത്തിച്ച ലോകത്തോടും അതിലെ സകല ജീവജാലങ്ങളോടും നമുക്കൊരുപാട് കടപ്പാടുണ്ടെന്ന് അമ്മ പറഞ്ഞു. അഴീക്കല്‍ ശ്രീ പൂക്കോട്ട് ദേവീക്ഷേത്രത്തില്‍ രണ്ടാമത് ശ്രീമദ് ഭാഗവത തത്വസമീക്ഷാസത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമ്മ. എന്ത് നേടാന്‍ കഴിഞ്ഞു എന്നതല്ല എത്ര കൊടുക്കാന്‍ കഴിഞ്ഞു എന്നതാണ് ജീവിതത്തിന്റെ മൂല്യം നിശ്ചയിക്കുന്നതെന്നും ഒരു ജീവനെങ്കിലും ഒരു നിമിഷത്തേക്കെങ്കിലും സന്തോഷം പകരാന്‍ കഴിഞ്ഞാല്‍ അത്രകണ്ട് നമ്മുടെ ജീവിതം ധന്യമാകുമെന്നും അമ്മ പറഞ്ഞു.
ജീവിതത്തില്‍ മറ്റെല്ലാമുണ്ടായാലും ഈശ്വരനോട് നിഷ്ക്കാമമായ ഭക്തിയില്ലെങ്കില്‍ സന്തോഷവും സമാധാനവും ഉണ്ടാകില്ല. ജീവിതം നിലനില്ക്കുന്നതുതന്നെ പ്രേമത്തിലാണ്. ലൗകീകകര്‍മ്മങ്ങളുടെ വിജയത്തിനുപോലും പ്രേമത്തിന്റെ ഊര്‍ജ്ജവും വീര്യവും ആവശ്യമാണ്. അതിന്റെ ഭാഷക്ക് അതിര്‍വരമ്പുകളില്ല. സകലചരാചരങ്ങള്‍ക്കും മനസിലാകുന്ന ഭാഷയാണത്.
ജീവിതത്തെയും ഈശ്വരവൈഭവത്തെയും രണ്ടായി പിരിച്ചുനിര്ത്താനാകില്ല. ബുദ്ധിക്കും യുക്തിക്കുമപ്പുറം പ്രപഞ്ചത്തിനൊരു താളവും നിയമവും നിലനില്പുമുണ്ട്. ഈ ഘടകങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യവും നിഗൂഢവുമായ ആ മഹാശക്തിയെകൂടി അംഗീകരിച്ചാലേ ജീവിതത്തിന് പൂര്‍ണത കൈവരുകയുള്ളുവെന്നും അമ്മ പറഞ്ഞു.
മാതാ പിതാ ഗുരു ദേവം എന്നത് മദ്യം മയക്കുമരുന്ന്, മദിരാക്ഷി പിന്നെ ഇന്റര്‍നെറ്റും എന്ന് മാറ്റി പറയേണ്ടിവരുന്ന കാലമാണിത്. കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകും. മാറ്റത്തിനനുസരിച്ചുള്ള ചില ബാഹ്യമായ ക്രമീകരണങ്ങള്‍ ജീവിതത്തിന് ആവശ്യമാണ്. പക്ഷെ അതിന്റെ സമ്മര്‍ദ്ദത്തില്‍പെട്ട് വിവേകബുദ്ധി നഷ്ടപ്പെടുത്തരുത്. മനസിന്റെ ആരോഗ്യമാണ് സന്തോഷത്തിന്റെ അടിത്തറ. നമുക്കൊരു വീടോ കാറോ മറ്റ് സാധനങ്ങളോ സ്വന്തമായി ഉണ്ടെങ്കില്‍ അവയ്ക്ക് കാലാകാലം മെയിന്റനന്‍സ് വേണമെന്ന് നമുക്കറിയാം. അങ്ങനെ ചെയ്തില്ലെങ്കില്‍ അവയൊന്നും പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയില്ല. അതുപോലെ തന്നെ മനസിനും മെയിന്റനന്‍സ് വേണമെന്നും അമ്മ ചൂണ്ടിക്കാട്ടി. ചീത്ത ചിന്തകളെ ആട്ടിയകറ്റി നന്മകള് കുടിയിരിക്കുന്ന ഇടമായി മനസ്സിനെ മാറ്റിയെടുക്കാന്‍ കഴിയുമ്പോഴാണ് കാരുണ്യത്തിന്റെ പ്രകാശം ജീവിതത്തില്‍ നിറയുന്നതെന്ന് അമ്മ പറഞ്ഞു.
ചടങ്ങില്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തി. മാതാ അമൃതാനന്ദമയീമഠം വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപാനന്ദപുരി, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്, സനല്‍ നാരായണന് നമ്പൂതിരിപ്പാട്, അഡ്വ.കെ.കെ.രാധാകൃഷ്ണന്, എസ്.കൃഷ്ണന്, ബ്രഹ്മശ്രീ.മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിപ്പാട്, എസ്.കൃഷ്ണന് എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: