ആലപ്പുഴ: റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷാഫോറം റേഷന്‍ കടകള്‍ക്ക് ലഭിക്കാതെ വന്നതിനാല്‍ പല കടകളിലും ഫോറം വിതരണം നടന്നിട്ടില്ലെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി വി.എസ്. ശിവപ്പന്‍ പ്രസ്താവിച്ചു. നിലവിലുള്ള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി അപേക്ഷാഫോറം ഒന്നു മുതല്‍ 17 വരെ വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ തീരുമാനം അമ്പലപ്പുഴ താലൂക്കിന്റെ പലഭാഗങ്ങളിലും ലംഘിക്കപ്പെട്ടു. അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അതോടൊപ്പമുള്ള അപേക്ഷാ ഫോറവും അതത് താലൂക്ക് സപ്ലൈസ് വഴിയാണു വ്യാപാരികളെ ഏല്‍പ്പിക്കുന്നത്.
നവംബര്‍ 28ന് സപ്ലൈ ഓഫീസില്‍ നിന്നും അപേക്ഷാ ഫോറം ഏറ്റെടുത്തപ്പോള്‍ തന്നെ പൂര്‍ണമായും ഭാഗികമായും ഫോറങ്ങള്‍ ലഭിക്കാത്ത വ്യാപാരികള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ രേഖാമൂലം അറിയിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം റേഷന്‍ കടകള്‍ക്ക് യഥാസമയം ഫോറങ്ങള്‍ ലഭിക്കാതെ വന്നതിനാല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ ചില കടകളില്‍ പൂര്‍ണമായും മറ്റിടങ്ങളില്‍ ഭാഗികമായും ഫോറം വിതരണം തടസപ്പെട്ടു.
മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരില്‍ പൂരിപ്പിച്ച അപേക്ഷാഫോറം സ്വീകരിച്ച് ഫോട്ടോയെടുക്കുന്നതിന് കാര്‍ഡുടമകളുടെ സൗകര്യാര്‍ത്ഥം നിശ്ചയിച്ചിട്ടുള്ള ക്യാമ്പുകളുടെ പ്രവര്‍ത്തനവും സമയബന്ധിതമായുള്ള കാര്‍ഡ് വിതരണവും തടസപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ അടിയന്തരമായി അപേക്ഷാഫോറം കടകളില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: