കൊല്ലം: റവന്യൂ ജില്ലാസ്കൂള്‍ കലോത്സവത്തിന് ചവറയില്‍ ആറിന് തുടക്കമാകും. ചവറ ഗവ.ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഉള്‍പ്പെടെ പത്ത് വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 293 ഇനങ്ങളിലായി 7330 വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
അഞ്ചിന് രാവിലെ 9.30ന് കലോത്സവ വിളംബരജാഥ നടക്കും. കുണ്ടറ വേലുത്തമ്പിദളവ സ്മൃതിമണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന ജാഥ വിവിധകേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷം കലോത്സവേദിയില് എത്തിച്ചേരും.
ജാഥയുടെ ഉദ്ഘാടനം എ.എ.അസീസ് എംഎല്‍എ നിര്‍വഹിക്കും. രാവിലെ എട്ടിന് കലോത്സവത്തിന് തുടക്കം കുറിച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജെ.ഷൈല പതാക ഉയര്‍ത്തും. 8.30ന് സാംസ്കാരിക ഘോഷയാത്ര നല്ലേഴത്തുമുക്കില്‍ നിന്നാരംഭിക്കും. കലോത്സവനഗരിയില്‍ എന്‍.കെ.പ്രേമചന്ദ്രന് എംപിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി ഷിബുബേബി ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കാഥികന് വസന്തകുമാര്‍ സാംബശിവന്, കഥകളി കലാകാരി ചവറ പാറുക്കുട്ടി, സിനിമാതാരം അമ്പിളിദേവി, കെ.എന്‍.ബാലഗോപാല്‍ എംപി, എംഎല്‍എമാരായ പി.കെ.ഗുരുദാസന്, എം.എ.ബേബി, കോവൂര്‍ കുഞ്ഞുമോന്, എ.എ.അസീസ്, ഗണേഷ്കുമാര്, മുല്ലക്കര രത്നാകരന്, ജി.എസ്.ജയലാല്‍, അയിഷാപോറ്റി, കെ.രാജു തുടങ്ങിയവര്‍ സംസാരിക്കും. 10ന് കലോത്സവം സമാപിക്കും.
സമാപനസമ്മേളനം വൈകിട്ട് അഞ്ചിന് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ട്, സ്കൂള്‍ ആഡിറ്റോറിയം, ചവറ ഗേള്‍സ് എച്ച്എസ് ആഡിറ്റോറിയം, ലൂര്‍ദ്ദ് മാതാ എച്ച്എസ്എസ്, ലൂര്‍ദ്ദ് മാതാ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ സ്റ്റേജ്, ഹാള്‍, മിന്നാംത്തോട്ടില്‍ ക്ഷേത്രം ആഡിറ്റോറിയം, വലിയം സ്കൂള്‍ ഹാള്‍, വലിയം ബിഎഡ് ഹാള്‍, കാമന്‍കുളങ്ങര ഗവ.എല്‍പിഎസ് എന്നിവിടങ്ങളിലാണ് മത്സരവേദികള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാഹിത്യകാരന്മാരുടെയും രാഷ്ട്രീയനായകരുടെയും സംഗീതപ്രതിഭകളുടെയും പേരുകളാണ് വേദികള്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് അവര്‍ അറിയിച്ചു.
കുറ്റമറ്റ രീതിയില്‍ കലോത്സവം സംഘടിപ്പിക്കുവാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാനും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ എസ്.ജയമോഹന് പറഞ്ഞു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ കെ.എസ്.ശ്രീകല, ആര്.ബി.ശൈലേഷ്കുമാര്‍, കെ.ഐ.ലാല്‍, ചവറ ഹരീഷ്കുമാര്‍, എ.എം.നൗഫല്‍, എസ്. അഹമ്മദ് തുഫൈല്‍, എ.ആര്.അരുണ്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: