കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടുതല്‍ കടപ്പത്രവും ബോണ്ടുമിറക്കാന് സര്‍ക്കാര്‍ നീക്കം. പുതിയ മാര്‍ഗ്ഗമാണ് ഇതിനായി സ്വീകരിക്കുക. കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കെഐഐഎഫ്ബി), കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) എന്നിവയെ സ്പോണ്സര് എന്ന നിലയിലേക്ക് മാറ്റി, അതിലൂടെ കടപ്പത്രവും ബോണ്ടുമിറക്കുയാണ് ലക്ഷ്യം. ഇവക്ക് അധികം ദൈര്‍ഘ്യമില്ലാത്ത കാലപരിധിയായിരിക്കും. ഇതുമായി ബന്ധപ്പെട്ട് കെഐഐഎഫ്ബി, കെആര്‍എഫ്ബി എന്നിവയുടെ ഘടനയ്ക്ക് ആവശ്യമായ ഭേദഗതി വരുത്തും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫണ്ട് സമാഹരിക്കാനുള്ള സര്‍ക്കാര്‍ നടപടി വേണ്ടത്ര വിജയിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ട്രഷറിയിലേക്ക് പണം കണ്ടെത്താന്‍ വിപണി മാര്‍ഗ്ഗം സ്വീകരിക്കുകയെന്ന യുഡിഎഫ് സര്‍ക്കാറിന്റെ നടപടിയുടെ തുടര്‍ച്ചയുമാണിത്. സംസ്ഥാനത്തിന്റെ നിത്യനിദാന ചെലവുകള്‍ക്കുപോലും പണമില്ലാത്ത ദയനീയ സാഹചര്യമാണിപ്പോഴുള്ളത്. ഈ പശ്ചാത്തലത്തില്‍ പണം സമാഹരിക്കാന്‍ ഏതെല്ലാം മാര്‍ഗ്ഗം സ്വീകരിക്കാമെന്ന് വിദഗ്ധരില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം തേടിയിരുന്നു. അടിസ്ഥാന വികസന മേഖലയില്‍ നിക്ഷേപം ആകര്‍ഷിച്ച് പണം കൂടുതല്‍ സമാഹരിക്കാനാകുമെന്നാണ് വിദഗ്ധരുടെ ഉപദേശം. ഇതേ തുടര്‍ന്നാണ് സര്‍ക്കാറിന്റെ പുതിയ പദ്ധതി.
കരാറുകാരെ പിണക്കാതിരിക്കാനും ശ്രമമുണ്ട്. ‘ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ എന്ന സമീപനത്തോടെ ബില്‍ ഡിസ്ക്കൗണ്ടിംഗ് സമ്പ്രദായം പുതുതായി കൊണ്ടുവരും. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന ബില്ലുകളാണ് ഈ രീതിയില്‍ പരിഗണിക്കുക.
ദീര്‍ഘ-ഹ്രസ്വ ഇടക്കാല ഫണ്ട് ആകര്‍ഷിക്കുന്നതിനായി മറ്റു ചില പദ്ധതികളുമുണ്ട്. ഇതെല്ലാം വേണ്ട രീതിയില്‍ ആവിഷ്കരിച്ച് നടപ്പാക്കാനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ കമ്മിറ്റിയും നിലവില്‍ വരും. ധനകാര്യ മന്ത്രിയായിക്കും ഇതിന്റെ ചെയര്മാന്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിര്‍വ്വാഹക ഗ്രൂപ്പും ഉണ്ടാകും.
സാമ്പത്തിക പ്രതിസന്ധി പുതിയ വര്‍ഷത്തിലും സര്‍ക്കാറിനെ ഞെരുക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ നികുതി പിരിവ് ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്തിയില്ല. വിഭാവനം ചെയ്ത രീതിയില്‍ പദ്ധതി പ്രവര്‍ത്തനത്തിനു പോലും പണം തികഞ്ഞില്ല. ഈ മാസം ആദ്യം നിത്യനിദാന ചെലവുകള്‍ക്കായി രണ്ടായിരത്തി മുന്നൂറോളം കോടി രൂപ വേണം.
ട്രഷറിയില്‍ പണം ഇല്ലാത്തതിനാല്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും കടമെടുക്കാനാണ് സര്‍ക്കാറിന്റെ തിരക്കിട്ട നീക്കം. വിവിധ ബോര്‍ഡുകളില്‍ നിന്നും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ഫണ്ടിനായി നിര്‍ബന്ധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: