ചാത്തന്നൂര്‍: കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് ചെയര്മാന് അഡ്വ.സത്ജിത് നേതൃത്വം കൊടുക്കുന്ന ജെഎസ്എസ് വിഭാഗം യുഡിഎഫ് വിടാനൊരുങ്ങുന്നു. അതിന് മുന്നോടിയായി സത്ജിത് ചെയര്‍മാനായിട്ടുള്ള അഗ്രാ കോര്‍പ്പറേഷനില്‍ തിരക്കിട്ട് പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് നീക്കം നടക്കുന്നു.
തൃശൂര്‍ ജില്ലയിലെ മാള നിയോജകമണ്ഡലത്തിലെ ചക്കപ്പഴ സംസ്കരണകേന്ദ്രം പുനലൂരില്‍ തുടങ്ങുന്ന അഗ്രാ ട്രെയിനിങ് സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ ദ്രുതഗതിയില്‍ കമ്മീഷന് ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഈ സ്ഥാപനങ്ങളിലേക്കാണ് സ്ഥിരമാക്കുമെന്ന വാഗ്ദാനത്തോടെ താല്ക്കാലികാടിസ്ഥാനത്തില് നിയമനനീക്കം നടക്കുന്നത്.
പരവൂരില്‍ തുടങ്ങിയ അഗ്രോബസാറില്‍ ഒരു സിപിഎം നേതാവിനെയാണ് നിയമിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള സിപിഎം നേതാവിനെയും കെ.ആര്.ഗൗരിയമ്മയെയും നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണ് നിയമനങ്ങള്‍ നടത്തുന്നത്. പരവൂരിലെ അഗ്രോബസാറില്‍ സിപിഎമ്മുകാരനെ പ്രതിഷ്ഠിച്ചതില്‍ തന്നെ സത്ജിതിന്റെ രഹസ്യ അജണ്ട വ്യക്തമാണ്.
കെ.ആര്.ഗൗരിയമ്മ യുഡിഎഫ് വിട്ടപ്പോള്‍ ഛിന്നഭിന്നമായ ജെഎസ്എസിന്റെ ഒരു ചെറിയ വിഭാഗമാണ് സത്ജിതിന്റെ പേരിലുള്ളത്. ഗൗരിയമ്മ ദാനമായി കൊടുത്ത ചെയര്മാന് സ്ഥാനം സംരക്ഷിക്കുവാന്‍ വേണ്ടിയാണ് ഗൗരിയമ്മ യുഡിഎഫ് വിട്ടപ്പോള്‍ ഗൗരിയമ്മക്ക് ഒപ്പം പോകാതെ രാജന്‍ബാബുവിന്റെ കൂടെകൂടാതെ യുഡിഎഫില്‍ സ്വന്തമായി ഗ്രൂപ്പുണ്ടാക്കി നിലയുറപ്പിച്ചത്.
കോര്പ്പറേഷന് വക വാഹനങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ടാണ് സത്ജിത് സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ആരോപണമുണ്ട്. പാര്‍ട്ടിയുടെ പേരില്‍ ഇതുവരെ അഞ്ചുജില്ലകളില്‍ ആര്‍ഭാടമായി ജില്ലാസമ്മേളനങ്ങള്‍ നടത്തി. ഇതിന്റെ ആവശ്യത്തിന് വേണ്ടിയും സര്‍ക്കാര്‍ വാഹനം രാപ്പകലില്ലാതെ ഓടുകയാണ്. സ്വന്തം നാടായ പരവൂരില്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും ഒരു പോലെ ശക്തമായ എതിര്‍പ്പുള്ള സത്ജിത് സിപിഎം അണികള്‍ക്ക് കോര്‍പ്പറേഷനില്‍ ജോലി കൊടുത്ത് കൊണ്ട് കൂടുവിട്ട് കൂടുമാറാനുള്ള തയ്യാറെടുപ്പിലാണ്.
സിപിഎമ്മിന്റെ എതിര്‍പ്പ് മറികടക്കാനാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജോലികൊടുക്കുന്നത്. പരവൂരിലെയും ചാത്തന്നൂരിലെയും യുഡിഎഫ് കോണ്‍ഗ്രസ് നേതൃത്വം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഇവര്‍ ഇത് സംസ്ഥാനനേതൃത്തെ അറിയിച്ചിട്ടുണ്ട്. യുഡിഎഫില്‍ നിന്നുകൊണ്ട് പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുത്ത് കൊണ്ട് ഗൗരിയമ്മയുടെ മറവില്‍ എല്‍ഡിഎഫിലേക്ക് ചേക്കേറാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: