ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിര ടീമുകള്‍ക്ക് സമനിലക്കുരുക്ക്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, മുന്‍ ചാമ്പ്യന്മാരായ ചെല്‍സി എന്നീ മുന്‍നിര ടീമുകളാണ് ലീഗിലെ 19-ാം റൗണ്ട് പോരാട്ടത്തില്‍ സമനിലയില്‍ കുടുങ്ങിയത്. സിറ്റിയെ ബേണ്‍ലിയും ചെല്‍സിയെ സതാംപ്ടനുമാണ് സമനിലയില്‍ കുടുക്കിയത്.
ബേണ്‍ലിക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നശേഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം സ്റ്റേഡിയത്തില്‍ സമനില വഴങ്ങിയത്. 10 മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകള്‍ക്ക് സിറ്റി മുന്നിട്ടുനിന്നു. 23-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയും 33-ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയും നേടിയ ഗോളുകള്‍ക്കാണ് സിറ്റി ലീഡ് െചയ്തത്. ആദ്യപകുതിയില്‍ ഈ രണ്ട് ഗോളുകള്‍ക്ക് സിറ്റി മുന്നിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ബേണ്‍ലി താരങ്ങള്‍ കളിയുടെ തിരക്കഥ മാറ്റിയെഴുതി. 47-ാം മിനിറ്റില്‍ ജോര്‍ജ് ബോയ്ഡും 81-ാം മിനിറ്റില്‍ ആഷ്ലി ബാര്നസും ലക്ഷ്യം കണ്ടതോടെ വിജയതുല്യമായ സമനില ബേണ്‍ലിക്ക് സ്വന്തമായി. മത്സരത്തില്‍ തികഞ്ഞ ആധിപത്യം പുലര്‍ത്തിയിട്ടും 17 ഷോട്ടുകള്‍ പായിച്ചിട്ടും സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മയും ബേണ്‍ലി ഗോളിയുടെയും പ്രതിരോധനിരയുടെയും തകര്‍പ്പന്‍ പ്രകടനവുമാണ് സിറ്റിക്ക് വിജയം നിഷേധിച്ചത്.
മറ്റൊരു മത്സരത്തില്‍ വന്‍ കുതിപ്പ് നടത്തുന്ന ചെല്‍സിയെ സതാംപ്ടനാണ് 1-1ന് സമനിലയില്‍ കുരുക്കിയത്. മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചത് ചെല്‍സിയായിരുന്നു. എന്നാല്‍ കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് സതാംപ്ടനാണ്. ഒമ്പത് ഷോട്ടുകള്‍ പായിച്ചതില്‍ ഒരെണ്ണം ലക്ഷ്യത്തില്‍ എത്തിയപ്പോള്‍ ചെല്‍സി പായിച്ച 7 എണ്ണത്തില്‍ ഒരെണ്ണമാണ് ലക്ഷ്യത്തിലെത്തിയത്. കളിയുടെ 17-ാം മിനിറ്റില്‍ സാഡിയോ മനേയിലൂടെ സതാംപ്ടണ് ലീഡ് നേടിയെങ്കിലും ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് ഈഡന് ഹസാര്‍ഡിലൂടെ ചെല്‍സി സമനില പിടിച്ചു. കളിയുടെ 88-ാം മിനിറ്റില്‍ മോര്ഗന് ഷിന്ഡര്ലൈന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം 10 പേരുമായാണ് സതാംപ്ടണ് കളിച്ചത്.
അതേസമയം മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ വിജയം കൈവരിച്ചു. വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എവേ മത്സരത്തില്‍ ആഴ്സണല്‍ കീഴടക്കിയത്. ആഴ്സണലിന് വേണ്ടി 41-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സാന്റി കാസോര്ലയും 44-ാം മിനിറ്റില്‍ ഡാനി വെല്‍ബാക്കും ലക്ഷ്യം കണ്ടപ്പോള്‍ വെസ്റ്റ് ഹാമിന് വേണ്ടി 54-ാം മിനിറ്റില്‍ സെനഗല്‍ താരം ചീകൗ കൗയാറ്റെയും ലക്ഷ്യം കണ്ടു. വിജയത്തോടെ ആഴ്സണല്‍ 19 കളികളില്‍ നിന്ന് 33 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
മറ്റ് മത്സരങ്ങളില്‍ ന്യൂകാസില്‍ യുണൈറ്റഡ് 3-2ന് എവര്‍ട്ടനെയും സ്റ്റോക്ക് സിറ്റി 2-0ന് വെസ്റ്റ് ബ്രോംവിച്ചിനെയും ലീസസ്റ്റര്‍ സിറ്റി 1-0ന് ഹള്‍ സിറ്റിയെയും കീഴടക്കിയപ്പോള്‍ ആസ്റ്റണ്‍ വില്ല-സണ്ടര്‍ലാന്റ്, ക്യുപിആര്-ക്രിസ്റ്റല്‍ പാലസ് പോരാട്ടങ്ങള്‍ ഗോള്‍രഹിത സമനിലയിലും കലാശിച്ചു.
19 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലീഗില്‍ 46 പോയിന്റുമായി ചെല്‍സി തന്നെയാണ് ഒന്നാമത്. അത്രയും കൡകളില്‍ നിന്ന് 43 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും 36 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം സ്ഥാനത്തും 33 പോയിന്റുള്ള സതാംപ്ടണ് നാലാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: