കൊച്ചി: രാജ്യത്തെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രോണിക് ഡവലപ്മെന്റ് ഫണ്ട് കരുതിവയ്ക്കുമെന്ന് കേന്ദ്ര കമ്യൂണിക്കേഷന്‍ ഐടി വകുപ്പുമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കാനായി മറ്റു സംസ്ഥാനങ്ങളും കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് വില്ലേജിനെ മാതൃകയാക്കണമെന്ന് അദ്ദേഹം കളമശ്ശേരിയില്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സന്ദര്‍ശിച്ചശേഷം ആവശ്യപ്പെട്ടു.
ഐടിയിലെ സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കാനായി ഐടി, ഇലക്ട്രോണിക്സ്, മാനുഫാക്ച്വറിംഗ് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എയ്ഞ്ചല്‍ ഫണ്ട് നല്കി സര്‍ക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഇലക്ട്രോണിക് ഡവലപ്മെന്റ് ഫണ്ട് എന്ന ആശയത്തിന് കേന്ദ്രം രൂപംകൊടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ മേഖലയിലെ വിടവുകള്‍ നികത്താനായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വിപ്ലവകരമായ പദ്ധതിയാണ് ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അടുത്ത നാലഞ്ചു വര്‍ഷത്തിനകം ഭാരതത്തിന്റെ ആകെരൂപം മാറ്റിമറിക്കാന്‍ ഇതിലൂടെ സാധിക്കും.
രാജ്യത്തെമ്പാടുമുള്ള രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളെ ദേശീയ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളം ഇത് നന്നായി ചെയ്യുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഈ ശൃംഖലയുടെ ഭാഗമാകും.
ഇഎഡ്യൂക്കേഷന്‍, ഇ കൊമേഴ്സ്, ഇ ഹെല്‍ത്ത് എന്നിവ ഇതിലൂടെയായിരിക്കും ഇനി മുന്നോട്ടുപോകുകയെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ വിജയത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തോളോടു തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്റ്റാര്‍ട്ടപ്പ് വില്ലേജിലേക്കു കടന്നുവന്നപ്പോള്‍ കണ്ടത് ഭാരതീയ യുവത്വം ഐടി മേഖലയുടെ മുന്‍പന്തിയില്‍ രാജ്യത്തെ എത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ്. ഇന്ത്യയിലിന്ന് 90 കോടി മൊബൈല്‍ ഫോണുകളും 300 കോടി ഇന്റര്‍നെറ്റ് കണക്ഷനുമുണ്ട്. അവയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പ്രാപ്യമാക്കുന്നതിനും ഒപ്പം ഈ മേഖലയിലെ സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കേണ്ടതും ആവശ്യമാണ്.
മികച്ച ഐടി പ്രൊഫഷണലുകളായി ഭാരതീയര്‍ വിദേശത്തു പലയിടത്തും ജോലി ചെയ്യുന്നുണ്ടെന്നും അവരിപ്പോള്‍ തിരികെ വന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞ മന്ത്രി ഇന്ത്യയില്‍ ഡസന്‍ കണക്കിന് സിലിക്കണ്‍ വാലികള്‍ സാധ്യമാക്കാനാകുമെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്തെമ്പാടുമുള്ള ഇലക്ട്രോണിക്സ് ക്ലസ്റ്ററുകള്‍ക്ക് അനവധി ഇന്‍സന്റീവുകള്‍ നല്കി കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രോണിക് മാനുഫാക്ച്വറിംഗ് രംഗത്തെ വലിയതോതില്‍ സഹായിക്കുന്നുണ്ട്.
ഇതുവരെ ഈ മേഖലയില്‍ വിദേശത്തു നിന്നും അല്ലാതെയും 18,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുകഴിഞ്ഞു. ഇതുകൂടാതെ 4,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരവും നല്‍കിയിട്ടുണ്ട്. മാനുഫാക്ച്വറിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോ മറ്റ് സ്ഥാപനങ്ങളോ 100 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയാല്‍ കേന്ദ്രം അവയ്ക്ക് നേരിട്ട് 50 കോടി രൂപ ധനസഹായം നല്‍കും.
അതുപോലെ ഒരു ഫാക്ടറിയില്‍ 100 കോടി രൂപ നിക്ഷേപിക്കുന്നവര്ക്കൊപ്പം കേന്ദ്രസര്‍ക്കാരും 25 കോടി നിക്ഷേപിക്കും. സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന ഇന്സന്റീവുകള്ക്കു പുറമേയാണിതെന്ന് മന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും കേരളത്തിലെ വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പ് പ്രവര്ത്തനാന്തരീക്ഷത്തെപ്പറ്റിയും സംസ്ഥാന ഐടി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യനും സ്റ്റാര്‍ട്ടപ്പ് വില്ലേജ് സിഇഒ പ്രണവ് കുമാര്‍ സുരേഷും മന്ത്രിക്ക് വിശദീകരിച്ചു നല്കി. കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം വലിയൊരു അംഗീകാരമാണെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്മാന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: