ന്യൂദല്‍ഹി: മദ്യനയത്തിലെ പ്രശ്നങ്ങള്‍ ഭരണമുന്നണിയെ ദുര്ബലപ്പെടുത്തുന്നതിനിടെ മുന്‍ കേന്ദ്രമന്ത്രി എ.കെ.ആന്റണിയുടെ പ്രസ്താവന സംസ്ഥാനത്ത് തന്റെ സാന്നിധ്യം ഉണ്ടാകണമെന്ന നിലയില്‍ കാണേണ്ടിയിരിക്കുന്നു. എ.കെ.ആന്റണിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് നടത്തിയ ഈ അഭിപ്രായപ്രകടനം ഇന്നത്തെ നിലയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. താന്‍ ഇനി കേരള രാഷ്ട്രീയത്തിലേക്കില്ലെന്നാണ് അസന്ദിഗ്ധമായ ഭാഷയില്‍ ആന്റണി ഇന്നലെ പറഞ്ഞത്.
ഒരു കാലത്ത് കോണ്‍ഗ്രസില്‍ ആന്റണിയോടൊപ്പം ശക്തമായി നിലകൊണ്ടിരുന്ന നേതാവായിരുന്നു സുധീരന്. എന്നാല്‍ പിന്നീട് പലതരത്തിലുള്ള പിണക്കങ്ങള്‍ മൂലം അകലുകയായിരുന്നു. മാത്രമല്ല ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍മുതല്‍ ഒരോ പ്രശ്നങ്ങളിലും അദ്ദേഹം ഇടങ്കോലിടുകയായിരുന്നു.
ഉമ്മന്‍ചാണ്ടിയുടേയും മുന്‍ കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയുടേയും നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഹൈക്കമാന്റ് സുധീരനെ കെപിസിസി പ്രസിഡന്റാക്കുകയായിരുന്നു. തുടക്കത്തില്‍ ഉമ്മന്‍ചാണ്ടിയുമായി അടുപ്പത്തിലായിരുന്നെങ്കിലും പിന്നീട് അകലുകയായിരുന്നു. ഇതിലേറ്റവും പ്രധാനം മദ്യനയം തന്നെ. ഭരണത്തില്‍ സുധീരന് ഇടങ്കോലിടുകയാണെന്ന് പരാതി തുടങ്ങിയിട്ട് ഏറെ നാളായി.
ഇതുസംബന്ധിച്ച് അടുത്തകാലത്ത് നേതൃത്വത്തിലേ ചിലര്‍ എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണത്തിന് സുധീരന് നാലംഗസമിതിയെ നിയോഗിക്കുകയും ചെയ്തു. കഴിഞ്ഞദിവസം കരുണാകരന് അനുസ്മരണ യോഗത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ഗവര്‍ണ്ണറുമായ എം.എം.ജേക്കബ് ശക്തമായ ഭാഷയില്‍ തുറന്നടിച്ചത് തികച്ചും പ്രതീക്ഷിക്കാത്ത ഒരു സമയത്താണ്.
സംസ്ഥാന കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള മൂലകാരണം എ.കെ.ആന്റണി ആണെന്നായിരുന്നു ജേക്കബിന്റെ പ്രസ്താവന. ഇതിനോടുള്ള ഒരു പ്രതികരണമായാണ് ഇന്നലെ ആന്റണി പറഞ്ഞതിനെ കണക്കാക്കേണ്ടത്. നേതാക്കള്‍ ഒരുമിച്ച് നിന്നാല്‍ കേരളത്തിന്റെ ചരിത്രം മാറ്റിമറിയ്ക്കാന്‍ കഴിയുമെന്നാണ് ആന്റണി പറയുന്നത്.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ചേരിപ്പോര് കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധിയില്കൊണ്ടുവരാന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ശ്രമിക്കുന്നതിനിടയാണ് ഈ അഭിപ്രായം. കേരളത്തിലെ പ്രശ്നങ്ങള്‍ക്ക് ഹൈക്കാമാന്റിന്റെ അവസാനവാക്ക് ഇപ്പോഴും ആന്റണിയുടേതാണ്.
പ്രതിപക്ഷത്തിന്റെ അനൈക്യത്തെപ്പോലും മുതലെടുക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയാത്തപ്പോഴാണ് ആന്റണിയുടെ ഈ ദിവാസ്വപ്നം. കേന്ദ്രത്തില്‍ തന്നെയാണെങ്കിലും തന്റെ മനസ്സ് ഇപ്പോഴും കേരളത്തിലാണെന്നും സാന്നിധ്യം അനിവാര്യമാണെന്നും വരുത്തിതീര്‍ക്കുകയാണ് ആന്റണിയുടെ ലക്ഷ്യം. കേരളത്തില്‍ തന്നെ ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന ധ്വനി കൂടി ഈ അഭിപ്രായത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: