ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പാര്‍ട്ടി നിലപാടിനെ തള്ളിപ്പറഞ്ഞും തന്റെ മുന്‍ നിലപാടില്‍ ഉറച്ചും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് രംഗത്ത്. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പോലീസ് പ്രതിചേര്‍ത്തവരെ പുറത്താക്കിയ നടപടി ശരിയല്ല. പോലീസ് റിപ്പോര്‍ട്ട് അവജ്ഞയോടെ തള്ളിക്കളയേണ്ടതായിരുന്നുവെന്നും വിഎസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്വന്തം തന്തയേയും തള്ളയേയും തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍. എന്നാല്‍ സ്മാരകം കത്തിച്ചത് സിപിഎമ്മുകാരാണെന്നു വരുത്തിത്തീര്‍ക്കാന്‍ രമേശ് ചെന്നിത്തല അടക്കം പങ്കെടുത്ത ഗൂഢാലോചന നടന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഗുണ്ടകളാണ് സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത്. പോലീസിനെ നിയോഗിച്ച് സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ കേവലം പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ പുറത്താക്കിയത് ശരിയായില്ല.
കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടിയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ ഒറ്റുകൊടുക്കുന്ന പാരമ്പര്യമല്ല ആലപ്പുഴയുടേത്. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലായി ഇ.കെ. നായനാരും സി.വി. കുഞ്ഞമ്പുവുമടക്കമുള്ള നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കയര്‍ത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും ഇവരെ പോലീസിനു ഒറ്റുകൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൃഷ്ണപിള്ള സ്മാരക കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നേതൃത്വം ഒറ്റുകൊടുക്കുകയായിരുന്നുവെന്ന പരോക്ഷ സൂചനയും വിഎസ് ഈ പ്രസ്താവനയിലൂടെ നല്കി. ലാവലിന്‍ കേസില്‍ പിണറായി വിജയന് പ്രതിയാക്കപ്പെട്ടെങ്കിലും പാര്‍ട്ടി നടപടിയെടുക്കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ലെന്ന വസ്തുതയും വിഎസ് ശരിവച്ചു. പോലീസ് പ്രതിയാക്കിയെന്നതിന്റെ പേരില്‍ ആരെയും പുറത്താക്കുന്ന പാരമ്പര്യമല്ല പാര്‍ട്ടിയുടേത്. താന്‍ വിഎസ് പക്ഷക്കാരനായതിനാലാണു പീഡിപ്പിക്കപ്പെടുന്നതെന്ന കേസിലെ ഒന്നാംപ്രതി ലതീഷ് ബി.ചന്ദ്രന്റെ പരാമര്‍ശത്തെ കുറിച്ച് ലതീഷിനോടു തന്നെ സംസാരിച്ച് വ്യക്തത വരുത്താമെന്നും വിഎസ് പറഞ്ഞു.
സിപിഎം സമ്മേളനങ്ങളില്‍ മുമ്പും മത്സരം നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നു. ഇനിയും നടക്കുമെന്നും അച്യുതാനന്ദന് പറഞ്ഞു. ഇതില്‍ വിഭാഗീയതയുണ്ടെന്നു ആരെങ്കിലും പരാതി ഉന്നയിച്ചാല്‍ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരം ഒഴിവാക്കി സമന്വയത്തിലൂടെ കമ്മറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കണമെന്ന സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശത്തിനു വിരുദ്ധമാണ് മത്സരത്തെ പ്രോത്സാഹിപ്പിക്കുന്ന വിഎസിന്റെ നിലപാട്.
പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനു ഒന്നര മാസം മാത്രം അവശേഷിക്കെ പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലെന്ന് പ്രചരിപ്പിക്കാനാണ് പതിവിനു വിരുദ്ധമായി അച്യുതാനന്ദനെ നിയോഗിച്ച് സ്വാഗതസംഘ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പത്രസമ്മേളനം വിളിച്ചത്. എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീയതയും ഭിന്നതയും വ്യക്തമാക്കുന്നതായി മാറി വിഎസിന്റെ പ്രതികരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: