തൃശൂര്‍: ക്രിസ്മസ് ആഘോഷത്തിനിടെ അയ്യന്തോള്‍ പൂതൂര്ക്കരയില് വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. പുതൂര്‍ക്കര വായനശാലയ്ക്കു സമീപം സ്രാമ്പിക്കല്‍ വീട്ടില്‍ റിട്ടയേര്‍ഡ് തഹസില്‍ദാര്‍ സോളമന്റെ വീട്ടിലാണ് മോഷണം നടന്നത്. 50,000 രൂപയും അമ്പത്തിനാലുപവന് സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടു.
ക്രിസ്മസ് അവധിക്കു വീട്ടുകാര്‍ യാത്ര പോയ തക്കം നോക്കിയാണ് മോഷ്ടാക്കളെത്തിത്. ചൊവ്വാഴ്ച രാത്രി സോളമനും ഭാര്യ പ്രമീളയും വീട് പൂട്ടി ബാംഗ്ലൂരിലുള്ള മകന് സുബിന്റെ അടുത്തേക്ക് പോയിരുന്നു. ഇന്നലെ പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. മുകള്‍ നിലയിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. തുടര്‍ന്ന് ലോക്കറിന്റെ താക്കോല്‍ കണ്ടെത്തി സ്വര്‍ണവും പണവും കവര്‍ന്നു.
വീട്ടുപകരണങ്ങള്‍ എല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. തൃശൂര്‍ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. 12 ലക്ഷത്തി അറുപതിനായിരം രൂപ വിലമതിക്കുന്നതാണ് നഷ്ടപ്പെട്ട ആഭരണങ്ങളെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഷാഡോ പോലീസ് സംഘവും സ്ഥലത്ത് പരിശോധന നടത്തി. സോളമനും ഭാര്യയും മകളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മകള്‍ ക്രിസ്മസ് അവധി ചെലവഴിക്കാന്‍ നേരത്തെ ഖത്തറിലുള്ള സഹോദരന്റെ വീട്ടിലേക്ക് പോയിരുന്നു.
കൊടകര: ആളൂരില്‍ വീട്ടുകാര്‍ പാതിരാകുര്‍ബാനയ്ക്ക് പോയ സമയത്ത് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് മോഷണം. എട്ടരപവനും 20,000 രൂപയും നഷ്ടപ്പെട്ടു. കാരാത്രക്കാരന്‍ ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ മേശയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. ജോണിന്റെ മകളുടെ വിവാഹം നാളെ നടക്കാനിരിക്കെയാണ് മോഷണം നടന്നത്. മകളുടെ വിവാഹ ആവശ്യത്തിനായി വീട്ടിലെ മറ്റൊരു മുറിയില്‍ അലമാരയുടെ മുകളില്‍ സൂക്ഷിച്ചിരുന്ന 101 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടില്ല. അലമാരകളുടെയും മേശകളുടെയും താക്കോലുകള്‍ മേശയിലും അലമാരയിലും തന്നെ ഉണ്ടായിരുന്നതിനാല്‍ മോഷ്ടാവിന് ഏറെ പണിപ്പെടാതെ സ്വര്‍ണവും പണവും കൈക്കലാക്കാന്‍ സാധിച്ചു. ജോണിന്റെ ഭാര്യയും മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കൊടകര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും പോലിസിന്റെ വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: