ശ്രീകൃഷ്ണശിഷ്യരിലൊരുവനായിരുന്ന അന്നത്തെ ഭാരതചക്രവര്‍ത്തിയെ (യുധിഷ്ഠിരനെ) ശത്രുക്കള്‍ രാജ്യത്തില്‍ നിന്നോടിച്ചു. അദ്ദേഹത്തിന് രാജ്ഞിയോടുകൂടി ഹിമാലയവനങ്ങളെ അഭയം പ്രാപിക്കേണ്ടിവന്നു. അവിടെവച്ച് ഒരുനാള്‍ അദ്ദേഹത്തോടു രാജ്ഞി ചോദിച്ചു: ‘ധര്‍മ്മിഷ്ഠരില്‍ അഗ്രേസരനായ അങ്ങേയ്‌ക്ക് ഇത്രയേറെ ദുഃഖം
സഹിക്കേണ്ടിവന്നതെന്തുകൊണ്ട്? യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു: ‘പ്രിയേ, ഇതാ ഈ ഹിമാലയപര്‍വ്വതങ്ങളെ നോക്കൂ. അവ എത്ര ഗംഭീരങ്ങളും രമണീയങ്ങളുമായിരിക്കുന്നു. ഞാന്‍ അവയെ സ്‌നേഹിക്കുന്നു. അവ എനിക്കൊന്നും തരുന്നില്ല. എങ്കിലും ഗംഭീരവും രമണീയവുമായതിനെ സ്‌നേഹിക്കുക എന്റെ പ്രകൃതിയാണ്; ഞാന്‍ അവയെ സ്‌നേഹിക്കുന്നു.
ഇതുപോലെ ഞാന്‍ ഭഗവാനെയും സ്‌നേഹിക്കുന്നു. സര്‍വ്വസൗന്ദര്യ ഗാംഭീര്യങ്ങള്‍ക്കും ഉറവിടം അവിടുന്നാണ്. പ്രേമാര്‍ഹമായ ഏക വസ്തു ഭഗവാനാണ്. അവിടുത്തെ പ്രേമിക്കയാണ് എന്റെ പ്രകൃതി. അതുകൊണ്ടു ഞാന്‍ പ്രേമിക്കുന്നു. ഞാന്‍ യാതൊന്നും പ്രാര്‍ത്ഥിക്കുന്നില്ല, ഞാന്‍ യാതൊന്നും യാചിക്കുന്നില്ല. അവിടുന്ന് ഇഷ്ടംപോലെ എന്നെ എവിടെയും വെയ്‌ക്കട്ടെ. പ്രേമൈകപരനായി എനിക്കവിടുത്തെ പ്രേമിക്കണം. പ്രേമവാണിജ്യം എനിക്കുവയ്യ.
















