അഞ്ചല്‍: ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മാവോയിസ്റ്റ് ഭീതി സര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന് ആരോപണം.
ഹാരിസണ്‍ മലയാളത്തിന്റെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാതിരിക്കാനുള്ള അടവാണ് ഇതിനു പിന്നിലെന്ന് ദളിത്, ആദിവാസി സംഘടനകള്‍ ആരോപിക്കുന്നു. മുപ്പതിനായിരം ഏക്കര്‍ ഭൂമിയാണ് ഹാരിസണ്‍ മലയാളം കമ്പനി കൈവശം വച്ചിരിക്കുന്നത്. ഇതില്‍ പതിനായിരം ഏക്കര്‍ ഭൂമിയാണ് കൊല്ലം ജില്ലയില്‍ മാത്രമുള്ളത്. ഇതില്‍ നിന്നാണ് അനധികൃതമായി മൂവായിരം ഏക്കര്‍ ടിആര്എംടി കമ്പനിക്ക് മറിച്ച് വിറ്റിട്ടുള്ളത്. ഇതില്‍ അനധികൃതമായി കയ്യേറ്റം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്നാണ് കാലങ്ങളായുള്ള ആവശ്യം. ഇവിടെ ആദിവാസി സംഘടനകള്‍ കയ്യേറുമെന്ന ഭീതിയാണ് ഇപ്പോള്‍ മാവോയിസ്റ്റുകളുടെ പേരില്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്.
ജില്ലയുടെ കിഴക്കന്‍മേഖലയില്‍ മാവോയിസ്റ്റുകളുണ്ടെന്ന ധാരണ പടര്‍ത്തി അരിപ്പാഭൂസമരത്തെ തകര്‍ക്കാനുള്ള ആലോചന നടന്നുവരുന്നതായി ആദിവാസി, ദളിത് മുന്നേറ്റസമിതി അദ്ധ്യക്ഷന്‍ ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു.
മാവോയിസ്റ്റ് ഭീതി പടര്‍ത്തി പോലീസും സര്‍ക്കാരും ദളിത് സംഘടനകളെ സംശയത്തിലാക്കി നാടകം കളിക്കുകയാണെന്ന് അവര്‍ പറയുന്നു. ഇതിന്റെ ഭാഗമായാണ് സമാധാനപരമായി രണ്ട് വര്‍ഷക്കാലമായി നടന്നുവരുന്ന അരിപ്പാഭൂസമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മാവോയിസ്റ്റ് ഭീഷണി പടര്‍ത്തി ഭൂസമരത്തെ ഒറ്റപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം.
കേരളത്തില്‍ ദളിത്, ആദിവാസി സമൂഹത്തിനു ലഭിക്കേണ്ട അര്‍ഹമായ സഹായം അട്ടിമറിക്കപ്പെടുന്നു. നക്സല്‍, മാവോയിസ്റ്റ് വേട്ടക്കായി കേന്ദ്രത്തിന്റെ വന്‍ഫണ്ട് സ്വന്തമാക്കാനാണ് കേരളസര്‍ക്കാരിന്റെ ശ്രമം. കള്ളവാറ്റുകാരും കഞ്ചാവു കൃഷിക്കാരും സാമൂഹ്യവിരുദ്ധരും പൊട്ടിക്കുന്ന ഏറ് പടക്കത്തിനു പിന്നാലെയാണ് കേരളാപോലീസ്. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടക്കുകയാണെന്ന് ശ്രീരാമന് കൊയ്യോന്‍ കുറ്റപ്പെടുത്തി.
കുളത്തുപ്പുഴ, തെന്മല വനമേഖലയില്‍ പോലീസ് മാവോയിസ്റ്റുകളുടെ പേരില്‍ ഉണ്ടായില്ലാ വെടി പൊട്ടിക്കുമ്പോഴും മതതീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനവും പരിശീലനവും സജീവമാണ്. മധുരമീനാക്ഷി ക്ഷേത്രമടക്കം തകര്‍ക്കാന്‍ പദ്ധതിയിട്ട തീവ്രവാദ സംഘത്തിലെ ഭീകരന് പറവൈ ബാദുഷാക്ക് താവളമൊരുങ്ങിയത് കിഴക്കന്മേഖലയിലായിരുന്നു.
കിഴക്കന്‍മേഖലയില്‍ ഭൂമി ഇല്ലാതെയും സ്വന്തമായി വീടില്ലാതെയും ആയിരങ്ങള്‍ നരകതുല്യജീവിതം നയിക്കുമ്പോഴാണ് ദളിത് കോളനികളിലേക്കും ആദിവാസിമേഖലകളിലേക്കും പോലീസും അന്വേഷണഉദ്യോഗസ്ഥരും ഭീതി പടര്‍ത്തി കടന്നുചെല്ലുന്നത്.
ഇവിടങ്ങളില്‍ കയ്യേറ്റക്കാരും കുത്തകകളും തടിച്ചുകൊഴുക്കുന്നിടത്ത് മാവോയിസ്റ്റ് ഭീതി പടര്‍ത്തി ഭരണകൂടവും അവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് ദളിത് സംഘടനകളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: