കൊച്ചി: തുറമുഖത്തും വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലിലും നടന്ന പ്രതിഷേധ വാരാചരണം സമാപിച്ചു. കൊച്ചിന് പോര്‍ട്ട് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാവിക തൊഴിലാളി യൂണിയനുകളായ എന്‍യുഎസ്ഐ, എഫ്എസ്യുഐ, സീഫറേഴ്സ് കോണ്‍ഫെഡറേഷന്‍ (ബിഎംഎസ്), കേരള മറൈന്‍ ഓഫീസേഴ്സ് അസോസിയേഷന് എന്നീ യൂണിയനുകള്‍ സംയുക്തമായാണ് വാരാചരണം നടത്തിയത്.
കൊച്ചിയില്‍ വരുന്ന കപ്പലുകള്‍ സുരക്ഷാ മാനദണ്ഡങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുക, സാധാരണ ജനങ്ങള്‍ക്കും കപ്പല്‍ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ക്കും ഇതേക്കുറിച്ച് അറിവ് വര്‍ദ്ധിപ്പിക്കുക എന്നിവയായിരുന്നു വാരാചരണത്തിന്റെ ലക്ഷ്യങ്ങള്‍.
ഏഴ് കപ്പലുകളാണ് ഐടിഎഫ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സംയുക്ത യൂണിയനുകളുടെ പ്രതിനിധികള്‍ ഈ വാരാചരണത്തില്‍ പരിശോധിച്ചത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാതെ, നിലവാരം കുറഞ്ഞ വേതനം നല്കുന്ന, ഐടിഎഫ് അംഗീകരിച്ച എഗ്രിമെന്റ്, ഒപ്പുവയ്ക്കാത്ത മൂന്ന് കപ്പലുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. (1) മാര്‍ഷല്‍ ഐലന്റില്‍ രജിസ്റ്റര്‍ ചെയ്ത് ജര്‍മ്മനിയില്‍ ഉടമസ്ഥനുള്ള, മെഡല്ലിന് മറൈന്‍ എന്ന ബോംബെ കമ്പനി ക്രൂവിനെ നല്കുന്ന ‘ഡൊറാഡസ്’ എന്ന കപ്പല്‍, (2) പനാമയില്‍ രജിസ്റ്റര്‍ ചെയ്ത് ദുബായില്‍ ഓഫീസുമായി യഥാര്‍ത്ഥ ഉടമസ്ഥന് ഇന്ത്യയിലുള്ള ഒഇഎല്‍ കൊളംബോ എന്ന കപ്പല്‍, (3) സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത് ദുബായില്‍ ഉടമസ്ഥരുള്ള സിമ സാഹ്ബ എന്ന കണ്ടെയ്നര്‍ കപ്പല്‍.
സിമന്റ് കപ്പലായ ‘അപന്യനാരി’ കണ്ടെയ്നര്‍ കപ്പലുകളായ മെര്‍സ്ക് അവോണ്‍, സിഎംഎ സിജിഎം ഒപിഎഎല് എന്നീ കപ്പലുകളില്‍ രജിസ്റ്റര്‍ ചെയ്ത് രാജ്യത്തെ ഐടിഎഫ് അഫിലിയേറ്റുകളായ യൂണിയനുകളുമായി സേവന വേതന വ്യവസ്ഥകള്‍ നിഷ്കര്‍ഷിക്കുന്ന കരാര്‍ നിലവിലുണ്ട്. ഇന്ത്യന്‍ കപ്പലായ ഒഇഎല്‍ കൊളംബോയില്‍ നാഷണല്‍ മാരിടൈം ബോഡ് നിര്‍ദ്ദേശിച്ചിട്ടുള്ള വേതന വ്യവസ്ഥകള്‍ നല്കിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: